Your Title

Pages

Thursday, July 21, 2011

ഇത് ആരുടെ ബോംബെ?


ഇത് ആരുടെ ബോംബെ?
1974 നവംബര്‍.  ഞാന്‍ ബോംബെയിലെത്തിയിട്ട് ഒരു മാസമാവുന്നേയുള്ളൂ.  എന്റെ പിന്നാലെ എത്തിയ സഹപാഠി പി.എന്‍. ശേഷനോടൊന്നിച്ച് മറൈന്‍ ഡ്രൈവിലൂടെ നടക്കുകയായിരുന്നു.  ഒരു മാസത്തെ സീനിയോറിറ്റിയുടെ ബലത്തില്‍ അയാള്‍ക്ക് ബോംബെ കാണിച്ചുകൊടുക്കുകയായിരുന്നു ഞാന്‍.  എന്റെ ഉറക്കെയുറക്കെയുള്ള വര്‍ത്തമാനം കേട്ട് ശേഷനൊന്നു ചൂളി.  അയാള്‍ മറുപടി പറഞ്ഞിരുന്നത് വളരെ ബുദ്ധിമുട്ടിക്കൊണ്ട് ഇംഗ്ലീഷിലായിരുന്നു.  എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:  'മലയാളത്തില്‍ ഇത്ര ഉറക്കെ സംസാരിച്ചാല്‍ കഴുത്തിനു മുകളില്‍ തല കാണുമോ?'
ഞാന്‍ ബോംബെയിലെത്തിയപ്പോഴേക്കും പക്ഷേ, കഥ ഏറക്കുറെ  മാറിപ്പോയിരുന്നു. തെക്കേ ഇന്ത്യക്കാര്‍ ശിവസേനയുടെ ടാര്‍ജറ്റ് അല്ലാതായി. ഒരു തമിഴന്‍ അതിന്റെ ഭാരവാഹികളിലൊരാള്‍ പോലുമായി.  ശത്രുതയുടെ കുന്തമുന അവര്‍ മുസല്‍മാന്മാര്‍ക്കെതിരെ തിരിച്ചുപിടിച്ചു. പതുക്കെപ്പതുക്കെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങള്‍ക്കൊപ്പം അവര്‍ ഹിന്ദുത്വത്തിന്റെ കാര്‍ഡ് ഇറക്കിക്കളിക്കാനും തുടങ്ങി.
എന്നാലും മറ്റുള്ള സംസ്ഥാനക്കാര്‍ക്കെതിരെ അവര്‍ അടക്കിപ്പിടിച്ച ഒരമര്‍ഷം കാത്തുസൂക്ഷിച്ചിരുന്നു എന്നെനിക്ക് വൈകാതെ ബോധ്യപ്പെട്ടു.  അത് ഇനിപ്പറയുന്ന സംഭവം വഴിയാണ്.  വാശിയിലെ ഒരു അയ്യപ്പന്‍വിളക്ക് കഴിഞ്ഞു മടങ്ങുകയായിരുന്നു വാസുദേവനും ഞാനും.  അന്ന് ബോംബെക്ക് സിഡ്‌കോ ബസാണ് യാത്രക്കുപാധി. ഞങ്ങളെ യാത്രയാക്കാന്‍ പ്രവീണനും വന്നിരുന്നു.  മലയാളികളല്ലാത്ത രണ്ടുപേര്‍ ബസ്‌സ്‌റ്റോപ്പിലുണ്ട്. അവരെ കണ്ടപ്പോഴേ ഞങ്ങള്‍ക്കു പുച്ഛം പതഞ്ഞുപൊങ്ങി. ബുദ്ധിയില്ലാത്ത വര്‍ഗം. വിഡ്ഢികളെപ്പോലെ ചിരിക്കുന്നു. പ്രവീണനും എനിക്കും രസം പിടിച്ചു. അവരുടെ ഓരോ ചേഷ്ടക്കും ഞങ്ങള്‍ മലയാളത്തില്‍ കമന്റു പാസാക്കാന്‍ തുടങ്ങി. ബസ് വന്നപ്പോള്‍ ഞങ്ങള്‍ കയറിയിരിക്കുകയും ചെയ്തു. ഡിസംബര്‍ മാസം. നല്ല തണുപ്പ്. ഞങ്ങള്‍ രണ്ടുപേരും ബസിലിരുന്ന് ഉറങ്ങിപ്പോയി.  കണ്ടക്ടര്‍ ഉറക്കെ വിളിക്കുന്നതു കേട്ട് ഉണര്‍ന്നു. അപ്പോള്‍ ബസില്‍ ആരുമില്ല. എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു. തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഞങ്ങളും ഇറങ്ങി. വിജനമായ കിഴക്കേ ദാദര്‍. ഓവര്‍ബ്രിഡ്ജ് കയറിമറിഞ്ഞ് വെസ്‌റ്റേണ്‍ റെയില്‍വേയിലേക്കു കടക്കണം. ഞങ്ങള്‍ ഉറക്കംതൂങ്ങി നടക്കാന്‍ തുടങ്ങി.
പെട്ടെന്ന് പിന്നില്‍നിന്ന് ആരോ കൈകൊട്ടി വിളിക്കുന്നതു കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വാശി ബസ്‌സ്‌റ്റോപ്പില്‍ വെച്ചുകണ്ട ആ രണ്ടുപേരാണ്. പ്രവീണനും ഞാനും കളിയാക്കിച്ചിരിച്ച അതേ ആളുകള്‍. അവര്‍ ഞങ്ങളുടെ നേരെ നടന്നടുക്കുകയാണ്.
'നിങ്ങള്‍ എന്താ അവിടെവെച്ച് ഞങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത്' -അതിലൊരാള്‍ ചോദിച്ചു. അതിലെ ഭാവം കണ്ടപ്പൊഴേ മനസ്സിലായി അടി വീഴുമെന്ന്. വിട്ടുമാറാത്ത ഉറക്കം പെട്ടെന്നു പറന്നുപോയി.  എന്നാലും അമ്പരപ്പ് വിട്ടുമാറിയില്ല. പരിഭ്രാന്തിയോടെ ഞാനവരെ നോക്കി.
'അവിടെവെച്ച് ഞങ്ങള്‍ എല്ലാം സഹിച്ചു നില്‍ക്കുകയായിരുന്നു' -മറ്റെയാള്‍ പറഞ്ഞു. 'ഇവിടെ ഞങ്ങളുടെ സ്ഥലമാണ്. ധൈര്യമുണ്ടെങ്കില്‍ പറയ്' -അയാള്‍ വെല്ലുവിളിച്ചു.
അതു പറഞ്ഞുകൊണ്ടിരിക്കെ അതിലൊരാള്‍ അയാളുടെ കാലന്‍കുടയുടെ പിടികൊണ്ട് വാസുദേവന്റെ കഴുത്ത് ചുറ്റിപ്പിടിച്ചു. ശിവസേനയുടെ കാര്യാലയത്തിനു തൊട്ടുമുന്നില്‍ വെച്ചാണ് സംഭവം. ജീവിതം കിഴക്കേ ദാദറില്‍ വെച്ച് അവസാനിച്ചുവെന്ന് ഞാന്‍ തീര്‍ച്ചയാക്കി. എങ്ങനെയോ സോറി എന്നു പറഞ്ഞൊപ്പിക്കാന്‍ പറ്റി വാസുദേവന്. എനിക്കാണെങ്കില്‍ ശബ്ദംതന്നെ പുറത്തു വരുന്നില്ല.  വാസുദേവന്‍ പറഞ്ഞതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദയനീയമായി  ഞാന്‍ തലയാട്ടി.
 സോറി പറഞ്ഞത് അവരെ സന്തോഷിപ്പിച്ചെന്നു തോന്നി. വാസുദേവന്റെ കഴുത്തില്‍ നിന്ന് അയാള്‍ കുട ഊരിയെടുത്തു. അതു പിന്‍വാങ്ങലാണെന്നു കരുതിയത് തെറ്റി. ഒരൊറ്റ നീക്കത്തില്‍ അയാള്‍ കുടയുടെ അറ്റംകൊണ്ട് വാസുദേവന്റെ വയറ്റില്‍ കുത്താനാഞ്ഞു.  വാസുദേവന്‍ വിദഗ്ധമായി തെന്നിമാറി. പിന്നെയാണ് അയാള്‍ അത് വെറുതെ ഓങ്ങിയതാണെന്നു മനസ്സിലായത്. ഞങ്ങളുടെ ദൈന്യത കണ്ട് അവര്‍ക്കു തന്നെ സങ്കടം തോന്നിയിരിക്കണം. 'ഇപ്പോള്‍ ഞങ്ങള്‍ വിടുന്നു' -അവര്‍ പറഞ്ഞു.  'ഇനി ഇത് ആവര്‍ത്തിക്കരുത്' -കനത്ത ആ താക്കീതോടെ അവര്‍ ഞങ്ങളെ ഊക്കോടെ പിടിച്ചുതള്ളി നേരെ ഓവര്‍ബ്രിഡ്ജിന്റെ ചുവട്ടിലെത്തിച്ചു.  ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തോടെ ഞങ്ങള്‍ അതിവേഗം അവിടെനിന്നു മണ്ടി.
ഇത്തരം ചെറിയ ഒരു സംഭവം ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളികളാണ് എന്നത് ഒരിക്കലും അക്കാലത്ത് ഞങ്ങള്‍ക്ക് അരക്ഷിതത്വബോധം ഉണ്ടാക്കിയിട്ടില്ല.  മാത്രമല്ല, ആണ്‍-പെണ്‍ ഭേദമന്യേ ഏതു പാതിരാത്രിക്കും ഇറങ്ങിനടക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നു ഞങ്ങളുടെ ബോംബെ.
ശിവസേന തങ്ങളുടെ ശത്രുത മുസല്‍മാന്മാര്‍ക്കെതിരെ തിരിച്ചുപിടിച്ചു എന്ന് മുമ്പ് പറഞ്ഞുവല്ലോ.  കുപ്രസിദ്ധമായ ബോംബെ കലാപം അതിന്റെ ഭാഗമായിരുന്നു.   ബാബരി മസ്ജിദ് സംഭവത്തിനു ശേഷം അവര്‍ അഴിച്ചുവിട്ട കലാപമാണ് ബോംബെയെ ഇത്രമാത്രം മോശമായ സ്ഥിതിയിലെത്തിച്ചത് എന്നതിനു സംശയമില്ല.  പിന്നീട് മുസ്‌ലിം തീവ്രവാദികളും വെറുതെയിരുന്നില്ല.  എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭീതിയുടെ നിഴലിലായി ബോംബെ.
ഇനി പഴയ ആ ബോംബെ തിരിച്ചുവരുമെന്ന പ്രതീക്ഷ ഓരോ സ്‌ഫോടനത്തിനും ശേഷം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.  ഓരോന്നു കഴിയുമ്പോഴും ഞങ്ങള്‍ സങ്കടത്തോടെ ഉരുവിട്ടുകൊണ്ടുമിരിക്കുന്നു: 'ഇതു ഞങ്ങളുടെ ബോംബെയല്ല.  ഇതല്ല ഞങ്ങളറിയുന്ന ബോംബെ.'



മുംബൈ അതിജീവിക്കും


മുംബൈ അതിജീവിക്കും
ദുരന്തങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിദ്രുതം മറികടക്കാനുള്ള ധീരമായ ഇച്ഛാശക്തി മുംബൈയുടെ സവിശേഷതയാണ്. ബുധനാഴ്ച നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തോടുള്ള നഗരത്തിന്റെ പ്രതികരണം വിശകലനം ചെയ്യുകയാണ് പ്രഗല്ഭ പത്രപ്രവര്‍ത്തകനായ ലേഖകന്‍. ഓരോ തുടിപ്പിനും നേര്‍സാക്ഷിയായി ആറു ദശകമായി മഹാനഗരത്തിന്റെ ഭാഗമാണ് അദ്ദേഹം.
ദുരന്തങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെ എത്ര വേഗമാണ് മുംബൈ അതിന്റെ പതിവുമട്ടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. ദുരന്തങ്ങള്‍ പ്രകൃതിദത്തമാകട്ടെ, മനുഷ്യനിര്‍മിതമാകട്ടെ, ഏതുതരമായിരുന്നാലും അവയുടെ ആഘാതശേഷിക്ക് പിടികൊടുക്കാതെ പതിവുകള്‍ വീണ്ടെടുക്കാനുള്ള ശരാശരി മുംബൈക്കാരന്റെ ശേഷി എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്. 1947ലായിരുന്നു ഞാന്‍ ആദ്യമായി ഈ മഹാനഗരിയില്‍ വണ്ടിയിറങ്ങിയത്. എന്റെ നഗരജീവിതത്തിന്റെ ആ ആദ്യനാളുകളിലും ജീവന്‍ പണയംവെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെയും പരസ്‌പര സഹകരണത്തിന്റെയും ആവേശജനകമായ കഥകളായിരുന്നു ജനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. 1944ലെ കപ്പല്‍ശാലാ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട സ്മൃതികള്‍ക്ക് അപ്പോള്‍ മൂന്നു വയസ്സ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
അന്നുമുതല്‍ ഞാന്‍ മഹാനഗരിയെ കേള്‍ക്കുന്നു, അനുഭവിക്കുന്നു. അങ്ങനെ മുംബൈയെ ഞാന്‍ സ്‌നേഹിക്കാനും തുടങ്ങി. കഴിഞ്ഞ ആറു ദശകത്തിനിടയില്‍ പത്തിലേറെ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയായി. 2005 ജൂണ്‍ 26നുണ്ടായ അഭൂതപൂര്‍വമായ വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള പ്രകൃതികോപങ്ങള്‍ക്കും സാക്ഷിയാവുകയുണ്ടായി. 2005ലെ വെള്ളപ്പൊക്കത്തില്‍ ഞാന്‍ താമസിച്ച വീടിനകത്തുവരെ വെള്ളം കയറി. അയല്‍ക്കാരന്റെ വീട്ടിലാണ് ഞാന്‍ രണ്ടു ദിവസവും അന്തിയുറങ്ങിയത്. തീനും കുടിയുമായി ഞാന്‍ മാത്രമല്ല മറ്റു പലരും ആ ഊഷ്മളാതിഥ്യം അനുഭവിച്ചു. മുംബൈയില്‍ അന്ന് ഗതാഗതം പാടേ സ്തംഭിച്ചുപോയിരുന്നു. പലര്‍ക്കും അന്ന് സ്വന്തം വീടണയാന്‍ 70 കി.മീറ്റര്‍ വരെ നടക്കേണ്ടതായിവന്നു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സഹജീവികള്‍ക്ക് പലരും ഭോജനശാലകള്‍ ഉയര്‍ത്തി സൗജന്യമായി ഭക്ഷണങ്ങള്‍ വിതരണം ചെയ്തു.
മുംബൈയിലെ മറ്റു പത്ത് ബോംബ് സ്‌ഫോടനങ്ങള്‍ക്കുകൂടി ഞാന്‍ സാക്ഷിയാണ്. അവ വിശദമായി മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. 1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനമായിരുന്നു ഇവയില്‍ ആദ്യത്തേത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനോടുള്ള രോഷപ്രകടനം എന്ന നിലയിലായിരുന്നു പ്രസ്തുത സ്‌ഫോടന പരമ്പര. ഒരുപക്ഷേ, ഏറ്റവും വ്യാപകമായ വിനാശം സൃഷ്ടിച്ചതും ഈ പരമ്പരതന്നെയാകണം. 13 ഇടങ്ങളിലാണ് അന്ന് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ഈ മഹാനഗരിയുടെ ഓഹരി വിപണി മന്ദിരത്തിനു സമീപം മുതല്‍ 22 കി.മീ. അകലെയുള്ള ഖറില്‍വരെ സ്‌ഫോടനത്തിന്റെ മാരകത വിളയാടി. വര്‍ളിയിലെ 14 നിലകളുള്ള നെഹ്‌റു സെന്ററിന്റെ മട്ടുപ്പാവില്‍ കയറി ഞാന്‍ ആ സംഹാരത്തിന്റെ ദൃശ്യം നോക്കിക്കണ്ടു. 257 പേരാണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേറ്റു. പലര്‍ക്കും അംഗഭംഗംപോലും സംഭവിച്ചിരുന്നു. പക്ഷേ, തൊട്ടു പിറ്റേദിവസം തന്നെ തലേരാത്രിയുടെ നടുക്കം വിട്ടുണര്‍ന്ന് നഗരം ജീവിതത്തിന്റെ ചൈതന്യം തുടിക്കുന്ന പ്രസാദഭാവങ്ങളിലേക്ക് തിരികെ മടങ്ങി. മരിച്ചവര്‍ പോയി. ആ വിയോഗത്തിന്റെ ആകുല  മുടുപടമണിഞ്ഞ് നിഷ്‌ക്രിയരായിരിക്കാന്‍ സാധിക്കില്ല നഗരത്തിലെ പച്ചമനുഷ്യര്‍ക്ക്. ചുവടുവെക്കാന്‍ ഏറെ കാതം ബാക്കിനില്‍ക്കുന്നു.
തുടര്‍ന്ന് ചെറുതും വലുതുമായ മറ്റ് സ്‌ഫോടനങ്ങളും നഗരത്തിന്റെ സ്വാസ്ഥ്യം കവരാനെത്തി. 1998 ജനുവരി 27, 2002 ഡിസംബര്‍ രണ്ട്, 2003 മാര്‍ച്ച് 13, 2003 ജൂലൈ 28, 2003 ജൂലൈ 31, 2003 ആഗസ്റ്റ് 25, 2006 ജൂലൈ 12, 2008 നവംബര്‍ 26 തുടങ്ങിയ സ്‌ഫോടനങ്ങളില്‍ നാലും ജൂലൈ മാസമാണ് അരങ്ങേറിയത്. ജൂലൈയിലെ മഴ ഭീകരര്‍ക്ക് മറയും സൗകര്യവും നല്‍കുന്നു. സുപ്രധാന തെളിവുകളും അടയാളങ്ങളും മഴവെള്ളപ്രവാഹത്തില്‍ മാഞ്ഞുപോകുകയും ചെയ്യുന്നു.
സ്‌ഫോടനങ്ങള്‍ സമാനമാതൃകയില്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും പൊലീസും ഇന്റലിജന്‍സ് വിഭാഗവും പാഠമൊന്നും പഠിക്കുന്നില്ല. ഏകോപനമില്ലാതെയാണ് ഇപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തന വൈകല്യം സംഭവിച്ച രഹസ്യാന്വേഷണ സംഘങ്ങളും കാര്യക്ഷമത തീണ്ടാത്ത മഹാരാഷ്ട്ര ഭരണകൂടവും വിവരശേഖരണത്തിനുപോലും ഭദ്രമായ സംവിധാനമില്ലാത്ത പൊലീസ് വിഭാഗവും ചേര്‍ന്ന് മുംബൈ നിവാസികളുടെ ജീവനും ഭാവിയും ഭീകരരുടെ ദാക്ഷിണ്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് പറയുമ്പോള്‍ അതില്‍ അതിശയോക്തിയില്ല.
ബുധനാഴ്ച അരങ്ങേറിയ സ്‌ഫോടന ദുരന്തവേളയിലും സഹാനുഭൂതിയുടേയും വിപദിധൈര്യത്തിന്റെയും സമര്‍പ്പണത്തിന്‍േറയും മാതൃകകളാണ് നഗരവാസികള്‍ കാഴ്ചവെച്ചത്. രക്തത്തില്‍ കുളിച്ചവരെ ആശുപത്രികളിലേത്തിക്കാന്‍ സാധാരണ ജനങ്ങള്‍ കുതിച്ചെത്തി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലും കയറ്റാന്‍ അവര്‍ കൈമെയ് മറന്ന് ഉത്സാഹിക്കുകയുണ്ടായി. അതേസമയം, ഏതാനും എം.എല്‍.എമാര്‍ക്കും മുനിസിപ്പല്‍ അംഗങ്ങള്‍ക്കുംപാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ക്കും സുരക്ഷ നല്‍കുന്നതിലും ജനങ്ങളെ നിയന്ത്രിച്ച് വഴിയൊരുക്കുന്നതിലുമായിരുന്നു പൊലീസ് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത്. രാഷ്ട്രീയത്തെ ഉപജീവനമാക്കിയവരാകട്ടെ ഒട്ടും സേവനമനസ്‌കരായല്ല അവിടെ രംഗപ്രവേശം ചെയ്തത്. അടുത്ത വര്‍ഷത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലേക്ക് കണ്ണയച്ചുകൊണ്ടുള്ള ഒരു 'ഷോ' ജനങ്ങള്‍ക്ക് മുമ്പില്‍ ആടിത്തീര്‍ക്കുകയായിരുന്നു അവരുടെ സന്ദര്‍ഭോദ്ദേശ്യമെന്ന് ആ ഭാവഹാവാദികള്‍ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.
ദുരന്തം താണ്ഡവമാടുന്ന ഓരോ സന്ദര്‍ഭത്തിലും മുംബൈയിലെ സാധാരണ പൗര ജനങ്ങളും അനൗദ്യോഗിക സന്നദ്ധ സംഘടനകളും അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാനും ദീര്‍ഘകാല ചികിത്സ വേണ്ടവര്‍ക്ക് അതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കാനും  ആ സേവനമനസ്‌കത താങ്ങും തണലുമായി മാറുന്നു. ദുരന്തബാധിതര്‍ക്ക് കൈയയച്ച് സാമ്പത്തിക സഹായം എത്തിക്കുന്ന ഉദാരമനസ്‌കരുടെ സാന്നിധ്യമുണ്ട് ഈ നഗരത്തില്‍. എന്‍.ജി.ഒകള്‍ മുതല്‍ ധര്‍മസ്ഥാപനങ്ങള്‍വരെ അത്തരം ദൗത്യങ്ങള്‍ ശ്ലാഘനീയമായി നിര്‍വഹിച്ചുപോരുന്നു. മുംബൈ പൗരാവലിയുടെ ഈ ഉദാരമനസ്‌കതയുടെ ഭാഗമാകാന്‍ വ്യക്തിപരമായിത്തന്നെ അവസരം ലഭിച്ചതിന്റെ അനുഭവവും ഇവിടെ പങ്കുവെക്കട്ടെ. എഴുപതുകളില്‍ ദുരിതാശ്വാസത്തിനുള്ള സിറ്റിസണ്‍ കമ്മിറ്റിയുടെ സെക്രട്ടറിപദം എന്റെ ചുമതലയിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.പി. നായിക് ആയിരുന്നു ഈ പൗര വേദിയുടെ പ്രസിഡന്റ്.
വെള്ളപ്പൊക്കം, വരള്‍ച്ച, ക്ഷാമം എന്നീ ദുരന്തങ്ങളുടെ ഇരകള്‍ക്കായി പൗരന്മാരില്‍നിന്ന് ധനസമാഹരണത്തിനിറങ്ങിയ ഞങ്ങള്‍ക്ക് അത്യുദാരമായ പ്രതികരണമാണ് ലഭിച്ചത്. മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഒറീസ, വെസ്റ്റ് ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതബാധിതര്‍ക്കുകൂടി സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ദുരന്തങ്ങളെ കൂസാതെ മറികടക്കുന്നതിനുള്ള അതിജീവനത്വര, സഹജീവികളുടെ ദുരിതങ്ങളില്‍ പങ്കുചേരുന്ന സഹാനുഭൂതി, അവരെ സഹായിക്കുന്നതിനുള്ള മഹത്തായ ഉദാരമനസ്‌കത എന്നിവയെല്ലാമാണ് ഈ നഗരത്തോടുള്ള എന്റെ സ്‌നേഹാഭിമുഖ്യങ്ങളുടെ പ്രേരണകള്‍. മരിക്കാത്ത ഓര്‍മകള്‍ നിറഞ്ഞ ഈ മഹാനഗരിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ അത്യധികം അഭിമാനിക്കുകയും ചെയ്യുന്നു



എന്തുകൊണ്ട് മുംബൈ?


ഭീകരപ്രവര്‍ത്തനം ഇന്ത്യക്കോ മുംബൈക്കോ ഒട്ടും പുത്തരിയല്ല. മുംബൈക്ക് പക്ഷേ, ഇക്കാര്യത്തില്‍ സവിശേഷമായൊരു പ്രതിച്ഛായയുണ്ട്; ഏതു ദുരന്തത്തിന്റെയും പിറ്റേന്നുതന്നെ സാധാരണ നിലയിലാവുകയും പതിവുകാര്യ പരിപാടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന നഗരമെന്ന്. ടി.വി ചാനലുകാരും ദേശീയ പത്രങ്ങളും ചേര്‍ന്ന് പാകംചെയ്‌തെടുത്ത ബ്രാന്‍ഡിങ്ങാണിത്. ആയതിലേക്ക് നഗരവാസികളുടെ 'സ്‌പിരിറ്റ്' തൊട്ട് ധൈര്യവും സഹനവീര്യവും സംയമനവും വരെ പലജാതി മസാലകളും ചേര്‍ക്കും. ഇക്കുറിയും മാധ്യമങ്ങള്‍ അതേ പല്ലവി പാടുന്നു, രാജ്യം ഏറ്റുപാടുന്നു, നേരെന്താണ്?
പത്തുപന്ത്രണ്ടു കൊല്ലം മുംബൈയില്‍ കഴിഞ്ഞ ഈ ലേഖകന്‍ ഇമ്മാതിരിയൊരു വിശിഷ്ട ചരക്ക് അവിടെങ്ങും കണ്ടിട്ടില്ല. ശരിയാണ് ദുരന്തപ്പിറ്റേന്നല്ല, പിറ്റേ നിമിഷംതന്നെ പഴയപടി തങ്ങളുടെ ജീവിതവുമായി മുന്നേറുന്നവരാണ് നഗരവാസികള്‍. അതിപ്പോ, താക്കറെ ആന്‍ഡ് കോയുടെ വര്‍ഗീയ കലാപരിപാടിയായാലും 'വിദേശകരം' -സ്‌പോണ്‍സേഡ് വെടിക്കെട്ടായാലും. വാസ്തവത്തില്‍, അപായത്തോതെടുത്താല്‍ നഗരം സ്ഥിരമായി വെച്ചുനടത്തുന്നൊരു നിത്യഭീകരപ്രവര്‍ത്തനത്തിന്റെ ഏഴയലത്തുവരില്ല, ഇന്നോളമുണ്ടായ വിധ്വംസക ഇനങ്ങളെല്ലാം ചേര്‍ത്തെണ്ണിയാലും. പ്രതിവര്‍ഷം ശരാശരി 3500-4000 പേരാണ് സബര്‍ബന്‍ റെയിലിന്റെ വകയില്‍ കാഞ്ഞുപോകുന്നത്! മണ്ണു നുള്ളിയിടാന്‍ ഇടംതികയാത്ത ഈ പറക്കുംപെട്ടികളില്‍നിന്ന് തെറിച്ചുവീണ്, ട്രാക് മുറിച്ചുകടക്കുമ്പോള്‍ വണ്ടിയിടിച്ച്, വണ്ടിക്കു വൈകാതിരിക്കാന്‍ ചാടിക്കയറുമ്പോള്‍ വണ്ടിക്കടിയില്‍പെട്ട്... ഇതൊന്നുമല്ലെങ്കില്‍ വല്ലവനും തല്ലിക്കൊന്ന് സൗകര്യപ്രദമായി ട്രാക്കിലിട്ട് റെയില്‍വേയുടെ അക്കൗണ്ടിലാക്കുന്നത്. അതുമല്ലെങ്കില്‍ ക്ലീന്‍ തക്കൊല. എന്തായാലും നഗരത്തിന്റെ ഈ സ്വന്തം ഭീകരപ്രവര്‍ത്തനത്തില്‍ ആരും ഞെട്ടുന്ന ചരിത്രമില്ല; ഈ കണക്കുപട്ടിക പരസ്യപ്പെടുത്തുന്ന വെസ്‌റ്റേണ്‍ റെയില്‍വേയടക്കം. എന്തുകൊണ്ട്?
ശരാശരി മുംബൈവാല സ്വന്തംകാര്യം സിന്ദാബാദുകാരനാണ്. അക്കാര്യത്തില്‍ തരിമ്പും കാപട്യവുമില്ല. അതവന്റെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ഒന്നാമത്, പൃഥ്വിരാജ് ചവാനടക്കം സര്‍വരുമിവിടെ ലക്ഷണമൊത്ത വരത്തരാണ്. പറഞ്ഞുവന്നാല്‍, മഹാരാഷ്ട്രയുടെ മറ്റിടങ്ങളില്‍നിന്ന് കുടിയേറുന്ന മറാത്തിപോലും ഈ നഗരത്തില്‍ വരത്തനാണ്. മണ്ണിന്റെ മക്കള്‍ ഡയലോഗൊക്കെ ഇമ്മാതിരി മറ്റൊരു വരത്തന്റെ രാഷ്ട്രീയ നിലനില്‍പു പ്രശ്‌നം മാത്രം. മറാത്തി സാംസ്‌കാരികതയുടെ കൊടിമരമൊന്നുമല്ല മുംബൈ. അതിപ്പോ, സാക്ഷാല്‍ താക്കറെ അരനൂറ്റാണ്ടായി കഴിയുന്ന ബാന്ദ്രയായാല്‍പോലും.
രണ്ട്, ഈ വരത്ത ജനാവലിക്ക് നഗരത്തോട് തീര്‍ത്തും സ്വന്തമെന്ന മട്ടിലുള്ളൊരു ഹൃദയബന്ധം, താമസമെത്ര പഴകിയാലും ഉണ്ടാവുംവിധമല്ല നഗരത്തിലെ സാമൂഹികജീവിതം. സ്വന്തം ഹൗസിങ് സൊസൈറ്റി അല്ലെങ്കില്‍ ചേരിക്കൂട്ടായ്മ. കൂടിപ്പോയാല്‍ പണിസ്ഥലത്തെ ചില്ലറ പരിചയക്കാര്‍ -അതിനപ്പുറം പോയി സാര്‍ഥകമായ വല്ല ബന്ധവുമുണ്ടാക്കാനോ ഇടപെടല്‍ നടത്താനോ ആരും പൊതുവെ തയാറല്ല. (വിട്ടുപോന്ന നാടുകളുടെ പേരിലുള്ള കൂട്ടായ്മകളുണ്ട്. അതുതന്നെ ഈ നഗരത്തില്‍നിന്നുള്ള മാനസികമായ അന്യവത്കരണത്തിന്റെ പ്രകടനപത്രികയാണല്ലോ.) തീവ്രമായ ബഹുസാംസ്‌കാരികത നിത്യപ്രയോഗത്തിലാവുന്നതിന്റെ രസകരമായ ഒരേനക്കേടാണിതെന്നു പറയം. സ്വന്തം വട്ടത്തിനപ്പുറത്തേക്കൊരു ക്രോസ് കള്‍ചറല്‍ ബന്ധത്തിനുള്ള വൈക്ലബ്യവും മെനക്കേടും മാത്രമല്ല കാരണം, 'നേര'മില്ലെന്നതും കൂടിയാണ്. അംബാനികള്‍ തൊട്ട് വഴിയോര ചായ്‌വാലകള്‍ വരെ സദാ ബിസി. ഈ ബിസിയാണ് നഗരത്തിന്റെ കാതലായ 'ബിസിനസ്'. തിരക്കില്ലാത്തവന്‍ നഗരത്തിന് അധികപ്പറ്റാണ്. ഇങ്ങനൊരു തിരക്കിന്റെ കെണി ആധാരമാക്കുന്നതുതന്നെ പറ്റിയ ഉരുപ്പടിയെയാണ് -തീവണ്ടി. നിത്യവും തിരക്കിട്ട് പുറപ്പെടാനും തിരക്കിട്ടുതന്നെ തിരികെയെത്താനും വണ്ടിപിടിക്കുക. അതിന്റെ ഇലക്‌ട്രോണിക് അംശഭേദങ്ങളിലാണ് ജീവിതത്തിന്റെ ഭ്രമണംതന്നെ. നാട്ടിലെപ്പോലെ നാഴികവ്യവസ്ഥയിലല്ല, സെക്കന്‍ഡ് സൂചിയിലാണ് ശകടവും യാത്രികരും. 8.33, 8.35, 8.37 ... അങ്ങനെ. കൈവിലങ്ങിന്റെ അതേ ഛായയുള്ള തീവണ്ടിപ്പിടികളില്‍ തൂങ്ങി ജീവിതം പായുമ്പോള്‍ മറ്റൊന്നിനും നേരമില്ല. നഗരം അതനുവദിക്കുന്നില്ല. അത് അന്തേവാസിയെ അങ്ങു കൊണ്ടുപോവുകയാണ്. ഈ കൊണ്ടുപോക്ക്, നഗരവാസിക്ക് ചുറ്റുപാടുകളോടൊരു നിസ്സംഗതയുണ്ടാക്കുന്നു- അയാള്‍ പോലുമറിയാതെ. അതില്‍ വരത്തന്റെ പലതരം ഉത്കണ്ഠകള്‍ പലതോതില്‍ ലയിച്ചുകിടപ്പുണ്ടാവും. അതുകൊണ്ടുതന്നെ, തത്ത്വചിന്താപരമായ നിര്‍മമതയൊന്നുമല്ല ഈ നിസ്സംഗത. ചത്തുകിടക്കുന്നത് പട്ടിയായാലും പട്ടിക്കാംതൊടിയായാലും വേഷക്കാര്‍ അവരവരുടെ വഴിക്കുപോകും. ഈ വഴിപോക്കിത്തരത്തിനെയാണ് നഗരത്തിന്റെ 'സ്‌പിരിറ്റ്' എന്ന ബ്രാന്‍ഡ്‌നെയിമിട്ട് മഹത്വവത്കരിക്കുന്നത്. സത്യത്തില്‍, മാധ്യമസൊറ എന്നതിനപ്പുറം ഈ ബ്രാന്‍ഡിങ്ങില്‍ വലിയ ചില ചതികള്‍ പതിയിരിപ്പില്ലേ?
ഒന്നാമത്, ആരെ കാണിക്കാനാണീ കപടധീരത? ഭീകരപ്രവര്‍ത്തനത്തിനു മുമ്പില്‍ മുട്ടുമടക്കില്ലെന്നു നഗരം വിളിച്ചുപറയുന്നു എന്നാണ് വ്യാഖ്യാനം. ഭീകരപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണീ വാണിയെങ്കില്‍, ഒന്നോ രണ്ടോ മൂന്നോ ധീരതപ്രകടനംകൊണ്ട് അവന്മാര് ചമ്മി, ഈ പരിപാടി നിര്‍ത്തിയേനെ. വെറുതെ ആര്‍.ഡി.എക്‌സിനും ടി.എന്‍.ടിക്കും തുട്ടുകളയാതെ സ്ഥലം കാലിയാക്കിയേനെ. ഇന്നിപ്പോ, ഏറ്റവുമധികം ബോംബ് പൊട്ടുന്ന നഗരമായിരിക്കുന്നു മുംബൈ. (കറാച്ചിയും ലാഹോറും ചൂടാവരുത് -ഒരു കാര്യത്തിലും പാകിസ്താനേക്കാള്‍ പിന്നിലാണ് ഞങ്ങളെന്നു പറയാന്‍ ദേശാഭിമാനം സമ്മതിക്കുന്നില്ല.) കഴിഞ്ഞ 20 കൊല്ലത്തെ ചരിത്രമെടുക്കുക. 1993 മാര്‍ച്ച് 12ന് സ്‌ഫോടനപരമ്പര, 257 മരണം. 2002 ഡിസംബര്‍ രണ്ടിന് ഘാട്കൂപ്പറില്‍ സ്‌ഫോടനം, നാലാംപക്കം മുംബൈ സെന്‍ട്രലില്‍. 2003 ജനുവരി 27ന് വിലെപാര്‍ലയില്‍, മേയ് 13ന് ലേഡീസ് ട്രെയിനില്‍, ആഗസ്റ്റ് 25ന് ഗെയ്റ്റ്‌വേയിലും സാവേരി ബസാറിലും ഇരട്ടസ്‌ഫോടനം, 2006 ജൂലൈ 11ന് ഏഴു തീവണ്ടികളിലായി ഏഴെണ്ണം, പിന്നെ നമ്മുടെ സ്വന്തം 9/11ആയി ആഘോഷിച്ച 26/11. രണ്ടര കൊല്ലത്തിന്റെ ചെറിയൊരിടവേളക്കുശേഷം ഇപ്പോഴിതാ പുതിയ ഗഡു. ഇതില്‍ 26/11നെ ആഗോള കമ്പക്കെട്ടായി ഉയര്‍ത്തിക്കാട്ടി സ്ഥിരം ഘോഷിക്കാന്‍ വകുപ്പുണ്ടാക്കിയതിന് ഭീകരപ്രവര്‍ത്തകരോട് നന്ദിപറയണം. കാരണം, താജും ഒബ്‌റോയിയും പോലുള്ള വരേണ്യമേടകളുടെ ഹബിളക്കി നഗരത്തിലെ 'സൊസൈറ്റി' ജീവികള്‍ക്ക് ഇതാദ്യമായി ഉള്‍ഭയം സമ്മാനിച്ചതു കൊണ്ടാണല്ലോ ടി സംഭവം ദീര്‍ഘിച്ച ഒച്ചപ്പാടുണ്ടാക്കിയത്. അതിനുമുമ്പുണ്ടായ ദുരന്തങ്ങളുടെ പേരില്‍ ദേശീയ ഉച്ചഭാഷിണികള്‍ ഗര്‍ജിച്ചില്ല. ഇരകളൊക്കെ സാധാരണക്കാര്‍. വടാപാവ് തിന്നുന്നവന്റെ ഉയിരിനെങ്ങനെ ഫൈവ് കോഴ്‌സ് ഡിന്നറുകാരന്റെതിന്റെ കമ്പോളമൂല്യം കിട്ടും?
ഈ ചിരപരിചിത അനുഭവയോഗത്തില്‍ നഗരവാസിക്ക് മരണം നിസ്സംഗമായൊരു നിത്യക്കാഴ്ചയാകുന്നു- റെയില്‍പാളങ്ങള്‍ തൊട്ട് കടലിടുക്കുകളില്‍വരെ. ജീവിതം തന്നെ അങ്ങനെ മാത്രം നോക്കിക്കാണേണ്ട ജഡതയാണ് -70 ശതമാനം പേര്‍ ചേരികളില്‍, ഫുട്പാത്തുകളില്‍, എലിമേടകളില്‍. എല്ലാത്തിനുമിടയിലൂടെ ഒന്നും കണ്ടില്ലെന്നു നടിച്ചുള്ള യാന്ത്രികചലനത്തിലാണ് ഏതു നഗരവാസിയും. നടിപ്പ് ശീലമാക്കാന്‍, ശീലം സ്വഭാവമാക്കാന്‍ വേണ്ട ഉപായങ്ങള്‍ യഥേഷ്ടം സഹായത്തിനുണ്ടുതാനും -വെര്‍ച്വല്‍ ലോകങ്ങളിലേക്കുള്ള വിമോചനം. ഐശ്വര്യറായിക്ക് മാസം തികഞ്ഞോ, ബോണികപൂറിന്റെ 17ാം കാമുകിയുടെ 14ാം കാമുകന്‍ ഇപ്പോള്‍ ആരുടെ കൂടെ, ബിപാഷയുടെ പൊക്കിളില്‍ ബട്ടന്‍ പിടിപ്പിച്ചതിന്റെ സാങ്കേതികത്വം... എല്ലാത്തിനും പേജ്-ത്രീ എന്നൊരു സാംസ്‌കരിക തലക്കുറിയും. ബോളിവുഡ്, പാര്‍ട്ടികള്‍, നിശാക്ലബ്, സെന്‍സെക്‌സ്, ബുള്ളിയന്‍, ഈ വെര്‍ച്വല്‍ ജീവിതത്തെ നഗരയാഥാര്‍ഥ്യമായി സാധാരണ പൗരാവലിയുടെ തലയിലേക്കും തള്ളിവിടുകയാണ്. പച്ചയായ ചുറ്റുപാടുകളില്‍ നിന്ന് കണെ്ണടുത്ത് ജീവിതമുന്താനുള്ള പ്രലോഭന ലഹരി.
ഈ സവിശേഷ പശ്ചാത്തലത്തിലാണ് ഭരണ രാഷ്ട്രീയക്കാരുടെ വക സ്ഥിരം ഉഡായിപ്പുകള്‍. ഇപ്പോഴത്തെ സ്‌ഫോടനത്തിന്റെ പിറ്റേന്നുതന്നെ ആഭ്യന്തരമന്ത്രി ചിദംബരം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു-'ഇതൊരു ഇന്റലിജന്‍സ് പരാജയമല്ല.' അതിനര്‍ഥം, ഇന്റലിജന്‍സുകള്‍ നേരത്തേ കഥ മണത്തിരുന്നു എന്നല്ലേ? ഉടനെ വരുന്നു അടുത്ത വാണി; സാക്ഷാല്‍ സര്‍ദാര്‍ജി വക: 'terrorists had the advantage of surprise.'  അല്ലാതെ  പിന്നെ മുന്‍കൂട്ടി അനുവാദം ചോദിച്ചും പരസ്യപ്പെടുത്തിയുമാണോ ബോംബു പൊട്ടിക്കുക. ആഭ്യന്തരമന്ത്രി പറഞ്ഞതിനു കടകവിരുദ്ധമായി ഇന്റലിജന്‍സ് ഒന്നും മണത്തില്ലെന്നല്ലേ പ്രധാനമന്ത്രിയുടെ വിടുവാ സ്വയം സമ്മതിക്കുന്നത്? ഇതിനാണ് പോഴത്തത്തിലെ കൂട്ടുത്തരവാദിത്തം എന്നു പറയുന്നത്. അതാ വരുന്നു, ഭാവി പ്രധാനമന്ത്രി വക ദേശസുരക്ഷാ ഗാരണ്ടി: '99 ശതമാനം വിധ്വംസക പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ തടയും, ഒരു ശതമാനത്തിന് എപ്പോഴും പഴുതുണ്ട്.' അമുല്‍ ബേബിയെ സംരക്ഷിക്കുന്ന ചരിത്ര ദൗത്യം പേറുന്ന ദിഗ്വിജയ് സിങ് സ്ഥിരം നിലവാരം പ്രകടിപ്പിച്ചു. 'പാകിസ്താനില്‍ നിത്യവും ബോംബുപൊട്ടുകയല്ലേ, ഇവിടതുപോലാണോ?
ഈ ദേശീയ ഊളത്തരങ്ങളുടെ നേര്‍മറുപുറത്താണ് ലോക്കല്‍ വിദ്വാന്മാരുടെ കച്ചേരി. മഹസര്‍ എഴുതിത്തീരും മുമ്പേ ലോക്കല്‍ജികള്‍ പ്രതികളെ നിശ്ചയിച്ചു. ദാവൂദ് ഇബ്രാഹിം, ഐ.എസ്.ഐ. അതിനുള്ള യുക്തിയാണ് യുക്തി, കസബിന്റെ പിറന്നാളിനാണ് ബോംബ് പൊട്ടിച്ചിരിക്കുന്നത്! മാധ്യമങ്ങള്‍ ഉടനെ പിറന്നാള്‍ സദ്യ തുടങ്ങി. ജനമതേറ്റെടുക്കുന്നു. തീവണ്ടിമുറികളില്‍, തെരുവോര സൊറയില്‍, ഫ്‌ളാറ്റുകളില്‍, ചാറ്റുകളില്‍, എസ്.എം.എസ് മണികളില്‍... കസബിന്റെ പിറന്നാള്‍ മറ്റൊരു ദിവസമാണെന്ന് വന്നിട്ടും തിരുത്തിപ്പറയാന്‍ ആരും മെനക്കെട്ടില്ല. ജനപ്രിയ സദ്യ തുടങ്ങിപ്പോയില്ലേ? ഇതാണ് നഗരശൈലി, പ്രിയങ്കരമായത് ആവോളം നുകരുക, ബാക്കിയൊക്കെ മറക്കുക.
സാമൂഹികത എന്നൊന്നില്ലാതെ ആള്‍ക്കൂട്ടങ്ങളുടെ സര്‍വാണിസദ്യയില്‍ സ്വന്തം നില്‍ക്കക്കള്ളിയാണ് എല്ലാവരുടെയും ഏക താല്‍പര്യം. അതിനുവേണ്ടി ഏതു ബോംബു കൂനക്കിടയിലൂടെയും നടക്കും- സ്വന്തം വഴിക്ക്. അതില്‍ വല്ല 'സ്‌പിരിറ്റു'മുണ്ടെങ്കില്‍ അത് ഇപ്പറഞ്ഞ ഒന്നുമാത്രം. അല്ലെങ്കില്‍പിന്നെ ഏതൊരു നാട്ടിലാണ് നിരന്തര സ്‌ഫോടനങ്ങള്‍ക്കും കൂട്ടക്കുരുതിക്കും നിത്യഭീഷണിക്കും മുന്നില്‍ പൗരന്‍ അടങ്ങിയിരിക്കുക? ഉത്തരവാദപ്പെട്ടവരെ നിര്‍ത്തിപ്പൊരിക്കില്ലേ? കെടുതികള്‍ക്കു മുന്നില്‍ വന്ന് ഉളുപ്പില്ലാതെ ഊളത്തരം പറയാന്‍ ഏതധികാരി ധൈര്യപ്പെടും?
അത്തരം പ്രതികരണങ്ങളുണ്ടാവുക കാല്‍ നിലത്തുറപ്പിച്ച, സാമൂഹികത കൈവരിച്ച പ്രദേശങ്ങളിലാണ്. സബര്‍ബന്‍ വണ്ടിയുടെ കമ്പാര്‍ട്ടുമെന്റുകള്‍ പോലെ സ്വയം കമ്പാര്‍ട്ട്‌മെന്റ്‌വത്കരിച്ച ആള്‍ക്കൂട്ട നാഗരികതക്കിതു വഴങ്ങില്ല. പറഞ്ഞിട്ടുള്ളത് വഴിപോക്കിത്തരത്തിന്റെ സ്‌പിരിറ്റാണ്. അതുമായങ്ങ് സുഖമായി മുന്നേറുക. അതിന്മേല്‍ വീരവാണിയിറക്കുന്ന പണി മാധ്യമങ്ങള്‍ ചെയ്‌തോളും. അടുത്ത വെടിക്കെട്ടു വരേക്ക്, എ ഷോര്‍ട്ട് ബ്രേക്ക്.


സ്‌ഫോടനങ്ങളുടെ മുറിവുണങ്ങാതെ ജവേരിബസാര്‍


സ്‌ഫോടനങ്ങളുടെ മുറിവുണങ്ങാതെ ജവേരിബസാര്‍
മുംബൈ: സ്‌ഫോടനങ്ങളേല്പിച്ച മുറിവുണങ്ങാതെ ജവേരിബസാര്‍. മുംബൈനഗരത്തിന്റെ സ്വര്‍ണ്ണ വ്യാപാര കേന്ദ്രമായ ജവേരിബസാറില്‍ ഇത് മൂന്നാം തവണയാണ് സ്‌ഫോടനം നടക്കുന്നത്. പരമ്പര സ്‌ഫോടനകളുടെ തുടക്കമായിരുന്ന 1993 ലെ സ്‌ഫോടന പരമ്പരയിലാണ് ജവേരിബസാറിനെ പിടിച്ചുകുലുക്കിയ ആദ്യ സ്‌ഫോടനം നടന്നത്.
 അന്ന് നഗരത്തിന്റെ 14 കേന്ദ്രങ്ങളിലാണ് പൊട്ടിത്തെറിച്ചത്. 250 പേരുടെ ജീവനപഹരിച്ച സ്‌ഫോടനം കളിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സ്‌ഫോടനത്തിന്കൂടി സ്വര്‍ണ്ണ വ്യാപാര കേന്ദ്രം ഇരയായി. അന്ന് 52 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ പേരുടെ മരണം ലക്ഷ്യമിട്ടാണ് ജവേരിബസാറിനെ ആക്രമികള്‍ തെരഞ്ഞെടുക്കുന്നതെന്നാണ് നിഗമനം. വൈകുന്നേരങ്ങളില്‍ കടുത്ത തിരക്ക് അനുഭവപെടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഇത്.
ഗുജറാത്തികളാണ് ഈ പ്രദേശത്തെ കച്ചവടക്കാരില്‍ ഏറെയും. സ്വര്‍ണ്ണ കച്ചവടക്കാര്‍ക്ക് പുറമെ താമസക്കാരമുണ്ട് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ ജവേരി ബസാറില്‍. ജവേരി ബസാറിനെ പിടിച്ചുകുലുക്കിയ മൂന്ന് സ്‌ഫോടനങ്ങളും പമ്പര സ്‌ഫോടനങ്ങളുടെ ഭാഗമായിരുന്നു.



മുംബൈയില്‍ സ്‌ഫോടന പരമ്പര: 21 മരണം


മുംബൈയില്‍ സ്‌ഫോടന പരമ്പര: 21 മരണം
മുംബൈ: മഹാനഗരത്ത  നടുക്കി വീണ്ടും സ്‌ഫോടന പരമ്പര. മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ദാദര്‍, സവേരി ബസാര്‍, ഒപേര ഹൗസ്, എന്നിവിടങ്ങളില്‍ വൈകീട്ട് ഏഴുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചതായാണ്  വിവരം. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍പെട്ടവരില്‍  മലയാളികളുണ്ടോയെന്ന് വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
   മാരകശേഷിയുള്ള ഐ ഇ ഡിയാണ് ( ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം. ഭീകരാക്രമണമാണ് നടന്നതെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യന്‍ മുജാഹിദീനാണ് സംശയത്തിന്റെ നിഴലില്‍.
ബൈക്കിലും കാറിലുമായാണ് ബോംബുകള്‍ സ്ഥാപിച്ചത്.സ്വര്‍ണവ്യാപാര കേന്ദ്രമായ ജവേരി ബസാറിലാണ് വൈകീട്ട് 6.45 നായിരുന്നു ആദ്യ സ്‌ഫോടനം .  സവേരി ബസാറില്‍ ഒരു മിനുട്ടിനകം രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരിടത്ത് ബൈക്കിലായിരുന്നു സ്‌ഫോടക വസ്തു ഒളിച്ചുവെച്ചത്. മറ്റൊന്ന് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. അഞ്ച് പേരാണ് ഇവിടെ മരിച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. രണ്ടാമത്തെ സ്‌ഫോടനം ശക്തിയേറിയതായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ പറഞ്ഞു. ഇവിടെ സ്‌ഫോടനം നടന്ന് രണ്ട് മിനുട്ടുകള്‍ക്ക് പിന്നാലെ ഒപേര ഹൗസിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളുള്ള ഇവിടം പ്രമുഖരുടെ വാസകേന്ദ്രവുമാണ്. 100 ഓളം പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്ത്.
 ദാദര്‍ കബൂത്തര്‍ഖാനക്ക് സമീപത്തായിരുന്നു മൂന്നാമത്തെ സ്‌ഫോടനം. ബസ്‌റ്റോപ്പിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന എംഎച്ച് 43 എ 9384 കാറിലായിരുന്നു ബോംബ്. ചോറ്റുപാത്രത്തിലാണ് സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബസ്‌റ്റോപ്പില്‍ പരസ്യത്തിന് വൈദ്യുതി നല്‍കാനായി വെച്ചിരുന്ന ജനറേറ്ററിനടുത്തുനിന്നാണ് സ്‌ഫോടനമുണ്ടായതെന്നും പറയുന്നു. ഇവിടെ ആറ് പേരാണ് മരിച്ചത്. 25 ലേറെ പേരെ പരിക്കുകളോടെ ഹോസ്‌പിറ്റലിലെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ദാദറില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്തിനു തൊട്ട് സ്‌കൂളുണ്ട്. ആറരയോടെയാണ് സ്‌കൂള്‍വിട്ട് കുട്ടികള്‍ പോയതെന്ന് സമീപത്ത് കച്ചവടം നടത്തുന്ന രാജേന്ദ്ര സുവര്‍ണ ജാദവ് പറഞ്ഞു.
പരിക്കേറ്റവരെ ജി. ടി, ജെ. ജെ, സെന്റ് ജോര്‍ജ് ഹോസ്‌പിറ്റലുകളിലാണ് പ്രവേശിപ്പിച്ചത്. ഇതിനിടക്ക് സാന്താക്രൂസ് വെസ്റ്റില്‍ സംശയാസ്‌പദമായ നിലയില്‍ ഉപേക്ഷിക്കപ്പെട്ട ചാക്കുകെട്ട് കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലം വളഞ്ഞു.
സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് മുഖ്യമന്ത്രി പൃഥീരാജ് ചവാന്‍ അടിയന്തര ഉന്നതയോഗം വിളിച്ചു ചേര്‍ത്തു. നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയതായും നഗരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികളില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചതായും പൊലീസ് കമീഷണര്‍ അരുണ്‍ പട്‌നായിക് പറഞ്ഞു.



സ്‌ഫോടന പരമ്പര: വട്ടമിട്ട് ഊഹാപോഹങ്ങള്‍


സ്‌ഫോടന പരമ്പര: വട്ടമിട്ട് ഊഹാപോഹങ്ങള്‍
മുംബൈ: സ്‌ഫോടന പരമ്പക്കു പിന്നില്‍ ആരാകാമെന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും തകൃതി. 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരയുമായി രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതാണ് അക്കൂട്ടത്തില്‍ വട്ടമിടുന്ന പ്രധാന സംഭവം. മുഹമ്മദ് മുബിന്‍ ഷാക്കൂര്‍ഖാന്‍ എന്ന ഇര്‍ഫാന്‍, അയ്യൂബ് അമിന്‍ ശൈഖ് എന്നിവരെയാണ് ചൊവ്വാഴ്ച എ. ടി. എസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ഒരാഴ്ച മുമ്പ് തോക്കുകളും വെടിയുണ്ടകളുമായി മാങ്കുര്‍ദില്‍ വെച്ച് ഇവര്‍ എ. ടി. എസിന്റെ പിടിയിലാകുകയായിരുന്നുവത്രെ. ഇവരുടെ അറസ്റ്റിന് തൊട്ടുപിറകെയാണ് ബുധനാഴ്ചത്തെ സ്‌ഫോടനം.
എന്നാല്‍, ചിലകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. ജെ ഡേ കൊലപാതകത്തിനു പിന്നില്‍ ഛോട്ടാ രജനാണെന്നാണ് മുംബൈ ക്രൈബ്രാഞ്ച് കണ്ടെത്തിയത്. വിനോദ് അസ്രാണി, സതീഷ് കാലിയ അടക്കം ഏട്ടു പേര്‍ പൊലീസ് കസ്റ്റഡിയിലുമാണ്. എന്നാല്‍, എന്തിനാണ് ഛോട്ടാ രാജന്‍ ജെ ഡേയെ വകവരുത്തിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
പൊലീസ് അന്വേഷണത്തില്‍ മുംബൈയിലെ പത്രപ്രവര്‍ത്തകര്‍ക്കും മറ്റും വിശ്വാസമില്ല. രണ്ടു പത്രപ്രവര്‍ത്തകരും മുംബൈ പ്രസ്‌കബും മറാത്തി പത്രപ്രവര്‍ത്തകരും നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ബോംബെ ഹൈകോടതി കടുത്ത നിലപാടിലാണ്. ജെ ഡേ വധത്തിന് പിന്നില്‍ മുംബൈ പൊലീസിനെ തന്നെയാണ് സംശയിക്കുന്നത്. അപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന വാദമാണ് പത്രക്കാര്‍ കോടതിയില്‍ നിരത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിലാണ് അവര്‍. കേസ് തെളിഞ്ഞെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. അന്വേഷണം സി.ബി.ഐയുടെ കൈയിലേക്ക് പോകാതിരിക്കാനുള്ള സര്‍ക്കാറിന്റെയും പൊലീസിന്റെയും ധൃതി സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ്. ജെ ഡേ വധക്കേസില്‍ നേരത്തേ ഛോട്ടാ ശക്കീലുമായി അടുപ്പമുള്ളവരെന്ന പേരില്‍ നാലു പേരെ അറസ്റ്റ് ചെയ്തും പിന്നീട് വിട്ടയച്ചതും ചര്‍ച്ചയായിരുന്നു.
ഛോട്ടാ രാജനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സതീഷ് കാലിയ അടക്കമുള്ളവരെ പൊലീസ് പിടി കൂടിയതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇഖ്ബാല്‍ കസ്‌കര്‍ വധശ്രമം, ജെ ഡേ വധം എന്നീ കേസുകളുമായി ബന്ധപ്പെട്ട് ഛോട്ടാ രാജന്‍ സംഘത്തിലെ പ്രധാനികളെല്ലാം ഇപ്പോള്‍ അറസ്റ്റിലാണ്. ഇഖ്ബാല്‍ കസ്‌കര്‍ വധശ്രമ കേസില്‍ രാജന്റ വലംകൈ ഡി.കെ. റാവു, ഉമൈദുറഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായ രാജന്‍ സംഘത്തിലെ പ്രധാനികള്‍. മറ്റൊരു പ്രധാനിയായ വിക്കി മല്‍ഹോത്രയും ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സംസാരമുണ്ട്. രജന്‍ സംഘത്തിലെ അതിശക്തന്മാരായ ആളുകളെ രണ്ട് കേസുകളിലുമായി പെട്ടെന്ന് പിടികൂടിയത് കൗതുകമായിരുന്നു. ഛോട്ടാ രാജനും ഇന്റലിജന്‍സ് ബ്യൂറോയും തമ്മിലുള്ള അവിഹിത ബന്ധവും സംസാരവിഷയമാണ്.


Twitter Delicious Facebook Digg Stumbleupon Favorites More