Your Title

Pages

Thursday, March 17, 2011

ബീമാപള്ളി വെടിവെപ്പ് ഭീതിയുടെ ഓര്‍മപ്പെടുത്തല്‍

ചന്ദ്രിക
തിരുവനന്തപുരം: ഒരു കലാപം തടയാന്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ തുറന്നു പറയുന്നത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. ക്രമസമാധാനപാലനത്തില്‍ സ്വന്തം സര്‍ക്കാരിനുള്ള പിടിപ്പുകേട് പരസ്യമായി സമ്മതിച്ച് ചരിത്രം സൃഷ്ടിച്ചത് നമ്മുടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പെട്ട ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചക്ക് ഇതിലപ്പുറം ഇനിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് ഇനിയാര്‍ക്ക് നല്‍കാനാവും.
2009 മെയ് 17നാണ് ബീമാപള്ളി ചെറിയതുറയില്‍ ഭരണകൂട ഭീകരത അരങ്ങേറിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, സ്വന്തം സഖാക്കള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതുകണ്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മതിമറന്ന് പൊട്ടിച്ചിരിച്ചതിന്റെ തൊട്ടടുത്ത ദിവസം.
ചെറിയൊരു സംഭവത്തില്‍ പൊലീസ് തക്കസമയത്ത് ഇടപെടാതിരുന്നതിന്റെ പരിണിതഫലമായിരുന്നു ഈ വെടിവെപ്പ്. സംഭവത്തിന് തലേന്ന് ചെറിയതുറയില്‍ ഗുണ്ടാപിരിവിനെത്തിയ ഒരാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതില്‍ നിന്നായിരുന്നു തുടക്കം. ഫിഷര്‍മെന്‍ കോളനി നിവാസിയായ ഇയാള്‍ അയല്‍ക്കാരായ ചിലരോടൊപ്പം വന്ന് കടകള്‍ ആക്രമിച്ചു. ഇവരെ നേരിടാന്‍ മറ്റൊരു വിഭാഗം ആളുകളും സംഘടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി. കാര്യങ്ങള്‍ ഇത്രത്തോളം എത്തുന്നതുവരെ കൈയും കെട്ടി നോക്കിനിന്ന പൊലീസ് സംഘര്‍ഷം തടയാനെന്ന പേരില്‍ നടത്തിയ വെടിവെപ്പിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും ഇന്നും ജീവച്ഛവങ്ങളായി കഴിയുകയാണ്.
കലാപം തടയാനായിരുന്നു വെടിവെപ്പെന്ന പൊലീസ് ഭാഷ്യം ശുദ്ധ നുണയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സാക്ഷിമൊഴികള്‍. സംഘം ചേര്‍ന്നു നീങ്ങുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെയാണ് 70 റൗണ്ട് വെടിയുതിര്‍ത്തത്. 40 റൗണ്ട് ഗ്രനേഡ് പ്രയോഗം. ജീവനുംകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും പിന്തുടര്‍ന്ന് വെടിവെച്ചു പൊലീസ്. വെടിവെപ്പിന് മുമ്പ് നിയമപരമായി ചെയ്യേണ്ട മുന്നറിയിപ്പ്, ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് പ്രയോഗം.. ഒന്നുമുണ്ടായില്ല. നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ചെറിയതുറ സംഭവം. ഒടുവില്‍ വെടിയേറ്റവരെ വര്‍ഗീയവാദികളായി ചിത്രികരിക്കാന്‍പോലും പൊലീസ് ശ്രമിച്ചതായി പരാതിയുയര്‍ന്നു. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
വല്ലപ്പോഴുമുണ്ടാകുന്ന ചില അസ്വസ്ഥതകളൊഴിച്ചാല്‍ താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാന ചരിത്രമായിരുന്നു കേരളത്തിന്റേത്. എന്നാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി സ്ഥിതി അതല്ല. മാഫിയാ സംഘങ്ങളുടെയും ഗുണ്ടകളുടെയും സ്വന്തം നാടായി കേരളം മാറി. പൊലീസ് സേനയെ കൈപ്പിടിയിലൊതുക്കിയും നിര്‍ജീവമാക്കിയും സ്വന്തക്കാരായ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഭരണകൂടം തന്നെ നേരിട്ടിറങ്ങിയ കാഴ്ച കേരളം കണ്ടു. താറുമാറായ നിയമവാഴ്ചയും പൊലീസിന്റെ നിഷ്ക്രിയത്വവുമാണ് കേരളത്തിന് തീരാക്കളങ്കം സൃഷ്ടിച്ച ബീമാപള്ളി വെടിവെപ്പിന് അരങ്ങൊരുക്കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊലീസ് ഭീകരത കൊണ്ട് നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കപ്പെട്ട ഒരു സംഭവം മാത്രമായിരുന്നു ഇത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 183 പേര്‍ കസ്റ്റഡിയില്‍ മരിച്ചതായാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അവസാന നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ ഏറ്റവുമധികം കസ്റ്റഡി മരണം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 72 പേര്‍.
കസ്റ്റഡിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. ഹെല്‍മറ്റ് വേട്ട, ശീട്ടുകളി കേന്ദ്രങ്ങളിലെ റെയ്ഡ് തുടങ്ങിയ നടപടികളില്‍ പൊലീസ് മര്‍ദനം സഹിക്കാതെ ഓടി കിണറ്റിലും പുഴയിലുമൊക്കെ വീണും അപകടങ്ങളില്‍പെട്ടും മരിച്ചവര്‍ ഇതിലും എത്രയോ കൂടുതല്‍ വരും. കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ മനം നൊന്ത് ജീവനൊടുക്കിയവര്‍ വേറെ.
ഇടതുഭരണഗാലത്ത് കുറ്റകൃത്യങ്ങളില്‍ കേരളം വന്‍മുന്നേറ്റം നടത്തിയതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2007ല്‍ ദേശീയതലത്തില്‍ കുറ്റകൃത്യനിരക്ക് 175.1 ആയിരുന്നപ്പോള്‍ 319.1 എന്ന കണക്കുമായി കേരളം 'മികവു'കാട്ടി. 2008ല്‍ ദേശീയ നിരക്ക് 181.5 ആയപ്പോള്‍ കേരളത്തില്‍ 322.1 ആയിരുന്നു.
എവിടെയും ആരും കൊല്ലപ്പെടാം. ഏതു കോണില്‍ നിന്നും ആക്രമണങ്ങളുണ്ടാകാം. ഏതു പെണ്‍കുട്ടിയും നടുറോഡിലും പകല്‍ വെളിച്ചത്തിലും പീഡിപ്പിക്കപ്പെട്ടേക്കാം. മോഷണങ്ങളും കൊള്ളയും എവിടെയും സംഭവിച്ചേക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ക്കാരാവേണ്ടവര്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുമ്പോള്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടാകുന്നതില്‍ അത്ഭുതങ്ങള്‍ക്ക് വകയില്ല. പ്രത്യേകിച്ച് അക്രമത്തിന്റെ ആയുധം ഭരണകൂടം തന്നെ കയ്യിലേന്തുമ്പോള്‍....

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More