Your Title

Pages

Wednesday, June 8, 2011

വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ

Madhyamam Editorial Published on Tue, 05/31/2011 

ദേശീയ ഉപദേശക സമിതി അംഗീകാരം നല്‍കിയതോടെ, വര്‍ഗീയവും പ്രത്യേകവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ളതുമായ അക്രമങ്ങള്‍ തടയല്‍ (നീതിയും പരിഹാരവും ലഭ്യമാക്കല്‍) കരടു ബില്‍ നിയമ നിര്‍മാണഘട്ടത്തിലേക്ക് കടക്കുകയാണ്. മേയ് 30 മുതല്‍ ജൂണ്‍ 4 വരെ പൊതുജനങ്ങളില്‍നിന്നും മറ്റുമുള്ള പ്രതികരണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി  വെച്ചിരിക്കുകയാണ് അത്. 2005ല്‍ യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ വര്‍ഗീയ അക്രമം (അമര്‍ച്ച ചെയ്യല്‍) ബില്ലിനെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. അങ്ങനെയാണ് പുതിയ ബില്‍ തയാറാക്കാന്‍ ദേശീയ ഉപദേശക സമിതിക്കു കീഴില്‍ ഒരു വര്‍ക്കിങ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പൊതുനിര്‍ദേശങ്ങള്‍ കേട്ടശേഷം ബില്‍ പാര്‍ലമെന്റില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും.
ബില്ലിനെ ശ്രദ്ധേയമാക്കുന്ന ചില വശങ്ങളുണ്ട്. ഒന്നാമതായി, വര്‍ഗീയ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ താരതമ്യേന വ്യക്തതയോടെ നിര്‍വചിക്കാന്‍ അത് ശ്രമിക്കുന്നു. അക്രമം നടത്തുന്നവര്‍ക്കും  പ്രേരിപ്പിക്കുന്നവര്‍ക്കും സാഹചര്യമൊരുക്കുന്നവര്‍ക്കും വിദ്വേഷ പ്രചാരകര്‍ക്കും ശിക്ഷ നല്‍കാന്‍ കഴിയും വിധത്തിലാണ് കരട്. രണ്ടാമതായി, അക്രമങ്ങളുടെ വ്യത്യസ്ത രൂപങ്ങളും അവക്കുള്ള ശിക്ഷകളും നിര്‍ണയിച്ചിരിക്കുന്നു.  ലൈംഗിക അതിക്രമങ്ങളും മാനസിക പീഡനങ്ങളുമെല്ലാം പ്രത്യേകം പ്രത്യേകം ശിക്ഷകള്‍ക്ക് അര്‍ഹമായിരിക്കും. സംഘം ചേര്‍ന്നു നടത്തുന്ന അക്രമങ്ങളില്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തിയും കുറ്റവാളിയായിരിക്കും. മൂന്നാമതായി, ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കു കൂടി ശിക്ഷ ഉറപ്പുവരുത്തുന്ന സുപ്രധാന വകുപ്പുകള്‍ ബില്ലില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന അധികൃതര്‍ മാത്രമല്ല, കൃത്യവിലോപം വരുത്തുന്നവരും നിര്‍ദേശങ്ങളിലും അവ നടപ്പാക്കുന്നതിലും വീഴ്ചവരുത്തുന്നവരും ശിക്ഷിക്കപ്പെടും. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെ അക്രമങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കേണ്ടി വരും. ചുരുക്കത്തില്‍ ഭരണകൂടത്തിന്റെ വീഴ്ചകള്‍ അംഗീകരിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാനും സാധിക്കും. ഇതിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് നാലാമത്തെ പ്രത്യേകതയായി എണ്ണാവുന്ന നഷ്ടപരിഹാര ലഭ്യത. വര്‍ഗീയ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 15 ലക്ഷം രൂപയില്‍ കുറയാത്ത തുക ഒരു മാസത്തിനകം നല്‍കണമെന്നാണ് പറയുന്നത്. പരുക്ക്, മാനസിക പീഡ തുടങ്ങിയവക്കും നഷ്ടപരിഹാരമുണ്ടാകും. ഇതിനെല്ലാം പുറമെ, നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ വ്യാപക അധികാരങ്ങളോടെ ദേശീയ അതോറിറ്റിയും സംസ്ഥാന അതോറിറ്റികളും രൂപവത്കരിക്കും.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍, കേന്ദ്ര ഇടപെടലിന്റെ സാധ്യതകളും സ്വഭാവവും, നിയമം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍, മാധ്യമങ്ങളുടെ ഉത്തരവാദിത്തം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചകള്‍ക്ക് വകയുണ്ട്. അതേസമയം,  ഈ നിയമത്തെ അടച്ചാക്ഷേപിച്ചും അപ്പടി എതിര്‍ത്തും ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നു. ബില്‍ 'ഭൂരിപക്ഷ'ത്തിനെതിരാണ് എന്നാണ് അവരുടെ മുഖ്യ ആരോപണം. മറ്റൊരു ആരോപണം ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്ക് ക്ഷതം വരുത്തുമെന്നാണ്. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമായിരിക്കെ ഈ ബില്‍ വര്‍ഗീയ അക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ അംഗീകാരം കവര്‍ന്നെടുക്കാന്‍ കേന്ദ്രത്തിന് അവസരം നല്‍കുന്നു. ബി.ജെ.പിയുടെ ആക്ഷേപങ്ങള്‍ അപ്രതീക്ഷിതമല്ല. വര്‍ഗീയ ധ്രുവീകരണത്തിനും ചേരിതിരിഞ്ഞ സംഘര്‍ഷങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. സാമുദായിക ശത്രുത വളര്‍ത്തിയതും പ്രയോജനപ്പെടുത്തിയതും അവരാണ്- മറ്റു സംഘ്പരിവാര്‍ കൂട്ടാളികളും. ബില്‍ ഭൂരിപക്ഷത്തിനെതിരല്ല. എന്നാല്‍, ഭൂരിപക്ഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന ആസൂത്രിത അക്രമങ്ങളെ അതേപടി  കാണാതെ യാഥാര്‍ഥ്യ നിഷ്ഠമായ ഒരു നിയമം ഉണ്ടാക്കാനാവില്ല. ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടി ഈ ബില്ലിനെയും ഉപയോഗപ്പെടുത്തുകയാണ്. വര്‍ഗീയ അക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ബില്‍ പ്രകൃത്യാ തന്നെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. അതിനുംപുറമെ, 'ന്യൂനപക്ഷങ്ങള്‍' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്  മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല. ഭാഷാ/പ്രാദേശിക ന്യൂനപക്ഷങ്ങളും അതില്‍ പെടും. മതന്യൂനപക്ഷങ്ങള്‍ പോലും എപ്പോഴും ഒരേ വിഭാഗക്കാരല്ല. ജമ്മു-കശ്മീര്‍, പഞ്ചാബ്, നാഗാലാന്‍ഡ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്- ഈ ബില്ലിന്റെ സംരക്ഷണത്തിന് അര്‍ഹരും. ഉത്തര്‍പ്രദേശില്‍നിന്നും ബിഹാറില്‍നിന്നും മഹാരാഷ്ട്രയില്‍  (മുംബൈയിലും മറ്റും) കുടിയേറിയ പ്രാദേശിക ന്യൂനപക്ഷക്കാരില്‍ അധികവും ഹിന്ദുക്കളാണ്.
വര്‍ധിച്ചുവരുന്ന വര്‍ഗീയതക്കെതിരെ രാഷ്ട്രം നിസ്സഹായമായി നില്‍ക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. 2004-2008 കാലത്ത് മാത്രം ഇന്ത്യയില്‍ 3,800 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ഇവയിലെല്ലാം ഇരകളാക്കപ്പെട്ടത് മതന്യൂനപക്ഷങ്ങളാണ് -പകുതിയോളം സംഭവങ്ങളില്‍ മുസ്‌ലിംകള്‍, ബാക്കി ക്രിസ്ത്യാനികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷം മാത്രം മഹാരാഷ്ട്രയില്‍ 681ഉം മധ്യപ്രദേശില്‍ 654ഉം ഉത്തര്‍പ്രദേശില്‍ 613ഉം വര്‍ഗീയ അക്രമങ്ങളുണ്ടായി. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1984 നവംബര്‍ ആദ്യത്തില്‍ 3,000ത്തിലേറെ സിക്കുകാര്‍ വധിക്കപ്പെട്ടു. ഗുജറാത്തില്‍ 2002 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്നുവരെ തുടര്‍ച്ചയായും മാര്‍ച്ച് 15 മുതല്‍ ജൂണ്‍വരെ കൂടക്കൂടെയും നടന്ന വംശഹത്യയില്‍ രണ്ടായിരം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലേറെ പേര്‍ നാടുവിട്ടു. ഒറീസയിലെ കണ്ഡമാലില്‍ 2008 ആഗസ്റ്റ് 23 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ ക്രിസ്ത്യാനികളെ വേട്ടയാടുകയായിരുന്നു വര്‍ഗീയ ഭ്രാന്തന്മാര്‍.
ഇന്ത്യയുടെ നാണക്കേടാണ് ഇത്തരം സംഘടിത വംശഹത്യകള്‍. അവ ഇല്ലാതാക്കാനുള്ള എന്തു നടപടിയും ദേശസ്‌നേഹപരമാണ്, നാടിന്റെ യശസ്സുയര്‍ത്തുന്നതാണ്.നിര്‍ദിഷ്ട ബില്ലില്‍ ഊന്നല്‍ കുറേക്കൂടി ആവശ്യമുള്ള വശങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. നഷ്ടപരിഹാരവും പുനരധിവാസവും അടങ്ങുന്ന തിരുത്തല്‍നടപടികളാണ് ഒന്ന്. ഇക്കാര്യത്തില്‍ നടപടികള്‍ സത്വരമല്ലെങ്കില്‍ വെറുതെയാവും, സഹായം ലഭിക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ദേശീയ-സംസ്ഥാന തല അതോറിറ്റികള്‍ നോക്കുകുത്തിയാവുന്ന അവസ്ഥ ഉണ്ടായിക്കൂടാ. വിദ്വേഷ പ്രചാരണം തടയാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമാകണം. മാധ്യമങ്ങളുടെ പങ്കാളിത്തം വിലയിരുത്തപ്പെടണം. 'ലൗ ജിഹാദ്' പോലുള്ള പ്രചാരണങ്ങള്‍ മുന്‍നിര പത്രങ്ങള്‍വരെ നടത്തുകയും അതിന് സമൂഹത്തില്‍ വലിയ ഓളങ്ങളുണ്ടാക്കാന്‍ കഴിയുകയും ചെയ്ത അനുഭവം കേരളത്തില്‍ പോലുമുണ്ട്. പക്ഷേ, എന്തൊക്കെയായാലും ഒരു സത്യം ബാക്കി നില്‍ക്കും. നിയമമില്ലാത്തതല്ല നമ്മുടെ അടിസ്ഥാന പ്രശ്‌നം. ഭരണകൂടത്തിന്റെ വിവിധ തലങ്ങള്‍ വര്‍ഗീയവത്കരിക്കപ്പെടുന്നതും നിയമം നടപ്പാക്കല്‍ പാളുന്നതുമാണ്.



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More