Your Title

Pages

Monday, May 16, 2011

ബീമാപള്ളി വെടിവെപ്പ്: സ്‌ഫോടക വസ്തു ശേഖരം മുന്‍കൂട്ടിയറിയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനായില്ലെന്ന് മുന്‍ എ.ഡി.ജി.പി


തിരുവനന്തപുരം: ബീമാപള്ളി ചെറിയതുറ പ്രദേശത്ത് ഉഗ്രസ്‌ഫോടക വസ്തുവായ നിയോജെല്‍ 90 ശേഖരിച്ചത് മുന്‍കൂട്ടി അറിയാന്‍ സംസ്ഥാന ജില്ലാതല രഹസ്യാന്വേഷണ വിഭാഗത്തിനായില്ലെന്ന് മുന്‍ എ.ഡി.ജി.പി വി.ആര്‍. രാജീവന്‍. ബീമാപള്ളിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിക്കാനിടയായതും അനുബന്ധ സംഭവങ്ങളും അന്വേഷിക്കുന്ന ചെറിയതുറ ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച സ്‌ഫോടക വസ്തു പ്രാദേശികമായി ഉപയോഗിക്കുന്നതോ ലഭ്യമായതോ അല്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വെടിവെപ്പ് നടന്നതിനുശേഷം മാത്രമാണ് താന്‍ സംഭവ സ്ഥലത്ത് എത്തിയത്. വെടിവെക്കുന്നതിന് മുമ്പ് സംഭവസ്ഥലത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വിവരമറിയിച്ചില്ല. സംഭവ ദിവസം വൈകുന്നേരം 3.30ന് ബീച്ച് റോഡില്‍ സംഘര്‍ഷമുള്ളതായി വിവരം ലഭിച്ചില്ലെങ്കിലും വ്യക്തമായ മറ്റ് വിവരങ്ങള്‍ ലഭിച്ചില്ല.
ആകാശത്തേക്ക് വെടിവെച്ചുവെന്നാണ് ആദ്യം അറിയിപ്പ് ലഭിച്ചത്. ഡി.ജി.പിയോട് അധികസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടശേഷം സംഭവ സ്ഥലത്തേക്ക് തിരിച്ചു. കലക്ടറെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കലക്ടര്‍ തിരിച്ചുവിളിക്കുകയായിരുന്നു. 4.30ന് ശേഷം സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കലക്ടറും എത്തി. പിന്നീട് കലക്ടറുടെ നേതൃത്വത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയപ്പോഴാണ് ആളുകള്‍ പിരിഞ്ഞുപോയത്.
വെടിവെപ്പിന് തലേന്ന് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കുറച്ചാളുകള്‍ പൊലീസിനുനേരെ മുദ്രാവാക്യം വിളിക്കുകയും കൂട്ടം കൂടി നില്‍ക്കുന്നുമുണ്ടായിരുന്നു. കൊമ്പ് ഷിബുവിനെ കുറിച്ച് രേഖാമൂലം പൊലീസിന് പരാതി ലഭിക്കാത്തതിനാലാണ് വെടിവെപ്പിന് തലേന്ന് അറസ്റ്റ് ചെയ്യാത്തത്. കൊമ്പ്ഷിബുവിനെ മാത്രമായി അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷത്തിന് ആക്കം കൂടുകയേ ചെയ്യുകയുള്ളൂ.
 ലഹളക്ക് വഴിവെച്ച യഥാര്‍ഥ സംഭവം എന്തെന്ന് ഇപ്പോള്‍ പുറത്തുപറയാനാവില്ല. ഇത് സംബന്ധിച്ച കേസുകളില്‍ അന്വേഷണം നടക്കുകയാണ്. കേരളത്തിലെ തീരപ്രദേശങ്ങളെല്ലാം പ്രശ്‌നസാധ്യതയുള്ളവയാണ്.
അടിയന്തര സാഹചര്യങ്ങളില്‍ സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് മുകളിലുള്ള ഏത് പൊലീസ് ഉദ്യോഗസ്ഥനും വെടിവെക്കാനുള്ള ഉത്തരവ് നല്‍കാം.
സാമുദായിക സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തില്‍ സാമുദായിക സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും നിര്‍ദേശമുണ്ടെന്ന് എ.ഡി.ജി.പി വ്യക്തമാക്കി.
ചെറിയതുറ ജുഡീഷ്യല്‍ കമീഷനില്‍ ഇന്ന് മുന്‍ കലക്ടര്‍ സഞ്ജയ് കൗളിനെ സാക്ഷിയായി വിസ്തരിക്കും.



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More