Your Title

Pages

Monday, May 16, 2011

മഅ്ദനി കേസ് അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം -സാംസ്‌കാരിക പ്രവര്‍ത്തകര്‍


മഅ്ദനി കേസ് അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം -സാംസ്‌കാരിക പ്രവര്‍ത്തകര്‍
ന്യൂദല്‍ഹി: മഅ്ദനി കേസ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ന്യൂദല്‍ഹിയില്‍ വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും കര്‍ണാടക ഭവന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ ആവശ്യപ്പെട്ടു. 'തെഹല്‍ക' ലേഖിക ഷാഹിനക്കെതിരായ കര്‍ണാടക പൊലീസ് നടപടിയുടെ വെളിച്ചത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രചാരണങ്ങളുടെ ഭാഗമാക്കി പൊലീസിനെ മാറ്റുന്നത് നീതീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.
 കേരളത്തിലെ ഷാഹിനക്കെതിരായ കേസ് മാത്രമായി പ്രശ്‌നത്തെ കാണരുതെന്നും ദേശീയ തലത്തില്‍ വളരുന്ന വര്‍ഗീയതയുടെ ഭാഗമാണിതെന്നും ധര്‍ണയില്‍ സംസാരിച്ച ഡോ. ജി. അരുണിമ പറഞ്ഞു. പൊലീസിന്റെ വാദങ്ങള്‍ വെല്ലുവിളിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും പൊലീസിന്റെ കെട്ടുകഥകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കാന്‍ പത്രലേഖകര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യത്തിന് നിലനില്‍പില്ലെന്നും ഡോ.നിവേദിത മേനോന്‍ ഓര്‍മിപ്പിച്ചു.
പ്രഫ. എ.കെ. രാമകൃഷ്ണന്‍, ശ്രീരേഖ, സച്ചിന്‍ നാരായണന്‍ എന്നിവരും സംസാരിച്ചു. ജെന്നി റൊവേന, ഹാനി ബാബു, അശ്‌റഫ്. കെ, ബിന്ദു മേനോന്‍, അനില്‍ തായത്ത് വര്‍ഗീസ്, യാസര്‍ അറഫാത്ത് എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
കെ.കെ ഷാഹിനക്കെതിരായ കേസുകള്‍ പിന്‍വലിക്കുക,  കര്‍ണാടക പൊലീസിന്റെ പീഡനങ്ങള്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തുക, മഅ്ദനി കേസ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക, മഅ്ദനിക്ക് നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തുക എന്നീ നാല് ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം റെസിഡന്റ് കമീഷണര്‍ക്ക് കൈമാറിയാണ് ധര്‍ണ അവസാനിപ്പിച്ചത്.



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More