Your Title

Pages

Thursday, July 21, 2011

ഇത് ആരുടെ ബോംബെ?


ഇത് ആരുടെ ബോംബെ?
1974 നവംബര്‍.  ഞാന്‍ ബോംബെയിലെത്തിയിട്ട് ഒരു മാസമാവുന്നേയുള്ളൂ.  എന്റെ പിന്നാലെ എത്തിയ സഹപാഠി പി.എന്‍. ശേഷനോടൊന്നിച്ച് മറൈന്‍ ഡ്രൈവിലൂടെ നടക്കുകയായിരുന്നു.  ഒരു മാസത്തെ സീനിയോറിറ്റിയുടെ ബലത്തില്‍ അയാള്‍ക്ക് ബോംബെ കാണിച്ചുകൊടുക്കുകയായിരുന്നു ഞാന്‍.  എന്റെ ഉറക്കെയുറക്കെയുള്ള വര്‍ത്തമാനം കേട്ട് ശേഷനൊന്നു ചൂളി.  അയാള്‍ മറുപടി പറഞ്ഞിരുന്നത് വളരെ ബുദ്ധിമുട്ടിക്കൊണ്ട് ഇംഗ്ലീഷിലായിരുന്നു.  എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:  'മലയാളത്തില്‍ ഇത്ര ഉറക്കെ സംസാരിച്ചാല്‍ കഴുത്തിനു മുകളില്‍ തല കാണുമോ?'
ഞാന്‍ ബോംബെയിലെത്തിയപ്പോഴേക്കും പക്ഷേ, കഥ ഏറക്കുറെ  മാറിപ്പോയിരുന്നു. തെക്കേ ഇന്ത്യക്കാര്‍ ശിവസേനയുടെ ടാര്‍ജറ്റ് അല്ലാതായി. ഒരു തമിഴന്‍ അതിന്റെ ഭാരവാഹികളിലൊരാള്‍ പോലുമായി.  ശത്രുതയുടെ കുന്തമുന അവര്‍ മുസല്‍മാന്മാര്‍ക്കെതിരെ തിരിച്ചുപിടിച്ചു. പതുക്കെപ്പതുക്കെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങള്‍ക്കൊപ്പം അവര്‍ ഹിന്ദുത്വത്തിന്റെ കാര്‍ഡ് ഇറക്കിക്കളിക്കാനും തുടങ്ങി.
എന്നാലും മറ്റുള്ള സംസ്ഥാനക്കാര്‍ക്കെതിരെ അവര്‍ അടക്കിപ്പിടിച്ച ഒരമര്‍ഷം കാത്തുസൂക്ഷിച്ചിരുന്നു എന്നെനിക്ക് വൈകാതെ ബോധ്യപ്പെട്ടു.  അത് ഇനിപ്പറയുന്ന സംഭവം വഴിയാണ്.  വാശിയിലെ ഒരു അയ്യപ്പന്‍വിളക്ക് കഴിഞ്ഞു മടങ്ങുകയായിരുന്നു വാസുദേവനും ഞാനും.  അന്ന് ബോംബെക്ക് സിഡ്‌കോ ബസാണ് യാത്രക്കുപാധി. ഞങ്ങളെ യാത്രയാക്കാന്‍ പ്രവീണനും വന്നിരുന്നു.  മലയാളികളല്ലാത്ത രണ്ടുപേര്‍ ബസ്‌സ്‌റ്റോപ്പിലുണ്ട്. അവരെ കണ്ടപ്പോഴേ ഞങ്ങള്‍ക്കു പുച്ഛം പതഞ്ഞുപൊങ്ങി. ബുദ്ധിയില്ലാത്ത വര്‍ഗം. വിഡ്ഢികളെപ്പോലെ ചിരിക്കുന്നു. പ്രവീണനും എനിക്കും രസം പിടിച്ചു. അവരുടെ ഓരോ ചേഷ്ടക്കും ഞങ്ങള്‍ മലയാളത്തില്‍ കമന്റു പാസാക്കാന്‍ തുടങ്ങി. ബസ് വന്നപ്പോള്‍ ഞങ്ങള്‍ കയറിയിരിക്കുകയും ചെയ്തു. ഡിസംബര്‍ മാസം. നല്ല തണുപ്പ്. ഞങ്ങള്‍ രണ്ടുപേരും ബസിലിരുന്ന് ഉറങ്ങിപ്പോയി.  കണ്ടക്ടര്‍ ഉറക്കെ വിളിക്കുന്നതു കേട്ട് ഉണര്‍ന്നു. അപ്പോള്‍ ബസില്‍ ആരുമില്ല. എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു. തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഞങ്ങളും ഇറങ്ങി. വിജനമായ കിഴക്കേ ദാദര്‍. ഓവര്‍ബ്രിഡ്ജ് കയറിമറിഞ്ഞ് വെസ്‌റ്റേണ്‍ റെയില്‍വേയിലേക്കു കടക്കണം. ഞങ്ങള്‍ ഉറക്കംതൂങ്ങി നടക്കാന്‍ തുടങ്ങി.
പെട്ടെന്ന് പിന്നില്‍നിന്ന് ആരോ കൈകൊട്ടി വിളിക്കുന്നതു കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വാശി ബസ്‌സ്‌റ്റോപ്പില്‍ വെച്ചുകണ്ട ആ രണ്ടുപേരാണ്. പ്രവീണനും ഞാനും കളിയാക്കിച്ചിരിച്ച അതേ ആളുകള്‍. അവര്‍ ഞങ്ങളുടെ നേരെ നടന്നടുക്കുകയാണ്.
'നിങ്ങള്‍ എന്താ അവിടെവെച്ച് ഞങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത്' -അതിലൊരാള്‍ ചോദിച്ചു. അതിലെ ഭാവം കണ്ടപ്പൊഴേ മനസ്സിലായി അടി വീഴുമെന്ന്. വിട്ടുമാറാത്ത ഉറക്കം പെട്ടെന്നു പറന്നുപോയി.  എന്നാലും അമ്പരപ്പ് വിട്ടുമാറിയില്ല. പരിഭ്രാന്തിയോടെ ഞാനവരെ നോക്കി.
'അവിടെവെച്ച് ഞങ്ങള്‍ എല്ലാം സഹിച്ചു നില്‍ക്കുകയായിരുന്നു' -മറ്റെയാള്‍ പറഞ്ഞു. 'ഇവിടെ ഞങ്ങളുടെ സ്ഥലമാണ്. ധൈര്യമുണ്ടെങ്കില്‍ പറയ്' -അയാള്‍ വെല്ലുവിളിച്ചു.
അതു പറഞ്ഞുകൊണ്ടിരിക്കെ അതിലൊരാള്‍ അയാളുടെ കാലന്‍കുടയുടെ പിടികൊണ്ട് വാസുദേവന്റെ കഴുത്ത് ചുറ്റിപ്പിടിച്ചു. ശിവസേനയുടെ കാര്യാലയത്തിനു തൊട്ടുമുന്നില്‍ വെച്ചാണ് സംഭവം. ജീവിതം കിഴക്കേ ദാദറില്‍ വെച്ച് അവസാനിച്ചുവെന്ന് ഞാന്‍ തീര്‍ച്ചയാക്കി. എങ്ങനെയോ സോറി എന്നു പറഞ്ഞൊപ്പിക്കാന്‍ പറ്റി വാസുദേവന്. എനിക്കാണെങ്കില്‍ ശബ്ദംതന്നെ പുറത്തു വരുന്നില്ല.  വാസുദേവന്‍ പറഞ്ഞതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദയനീയമായി  ഞാന്‍ തലയാട്ടി.
 സോറി പറഞ്ഞത് അവരെ സന്തോഷിപ്പിച്ചെന്നു തോന്നി. വാസുദേവന്റെ കഴുത്തില്‍ നിന്ന് അയാള്‍ കുട ഊരിയെടുത്തു. അതു പിന്‍വാങ്ങലാണെന്നു കരുതിയത് തെറ്റി. ഒരൊറ്റ നീക്കത്തില്‍ അയാള്‍ കുടയുടെ അറ്റംകൊണ്ട് വാസുദേവന്റെ വയറ്റില്‍ കുത്താനാഞ്ഞു.  വാസുദേവന്‍ വിദഗ്ധമായി തെന്നിമാറി. പിന്നെയാണ് അയാള്‍ അത് വെറുതെ ഓങ്ങിയതാണെന്നു മനസ്സിലായത്. ഞങ്ങളുടെ ദൈന്യത കണ്ട് അവര്‍ക്കു തന്നെ സങ്കടം തോന്നിയിരിക്കണം. 'ഇപ്പോള്‍ ഞങ്ങള്‍ വിടുന്നു' -അവര്‍ പറഞ്ഞു.  'ഇനി ഇത് ആവര്‍ത്തിക്കരുത്' -കനത്ത ആ താക്കീതോടെ അവര്‍ ഞങ്ങളെ ഊക്കോടെ പിടിച്ചുതള്ളി നേരെ ഓവര്‍ബ്രിഡ്ജിന്റെ ചുവട്ടിലെത്തിച്ചു.  ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തോടെ ഞങ്ങള്‍ അതിവേഗം അവിടെനിന്നു മണ്ടി.
ഇത്തരം ചെറിയ ഒരു സംഭവം ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളികളാണ് എന്നത് ഒരിക്കലും അക്കാലത്ത് ഞങ്ങള്‍ക്ക് അരക്ഷിതത്വബോധം ഉണ്ടാക്കിയിട്ടില്ല.  മാത്രമല്ല, ആണ്‍-പെണ്‍ ഭേദമന്യേ ഏതു പാതിരാത്രിക്കും ഇറങ്ങിനടക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നു ഞങ്ങളുടെ ബോംബെ.
ശിവസേന തങ്ങളുടെ ശത്രുത മുസല്‍മാന്മാര്‍ക്കെതിരെ തിരിച്ചുപിടിച്ചു എന്ന് മുമ്പ് പറഞ്ഞുവല്ലോ.  കുപ്രസിദ്ധമായ ബോംബെ കലാപം അതിന്റെ ഭാഗമായിരുന്നു.   ബാബരി മസ്ജിദ് സംഭവത്തിനു ശേഷം അവര്‍ അഴിച്ചുവിട്ട കലാപമാണ് ബോംബെയെ ഇത്രമാത്രം മോശമായ സ്ഥിതിയിലെത്തിച്ചത് എന്നതിനു സംശയമില്ല.  പിന്നീട് മുസ്‌ലിം തീവ്രവാദികളും വെറുതെയിരുന്നില്ല.  എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭീതിയുടെ നിഴലിലായി ബോംബെ.
ഇനി പഴയ ആ ബോംബെ തിരിച്ചുവരുമെന്ന പ്രതീക്ഷ ഓരോ സ്‌ഫോടനത്തിനും ശേഷം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.  ഓരോന്നു കഴിയുമ്പോഴും ഞങ്ങള്‍ സങ്കടത്തോടെ ഉരുവിട്ടുകൊണ്ടുമിരിക്കുന്നു: 'ഇതു ഞങ്ങളുടെ ബോംബെയല്ല.  ഇതല്ല ഞങ്ങളറിയുന്ന ബോംബെ.'



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More