Your Title

Pages

Thursday, July 21, 2011

ഒരു സാധ്യതയും തള്ളിക്കളയില്ല; മുന്‍വിധിയില്ല -ചിദംബരം


ഒരു സാധ്യതയും തള്ളിക്കളയില്ല; മുന്‍വിധിയില്ല -ചിദംബരം
മുംബൈ: ഇന്ത്യയുടെ ശത്രുക്കളായ എല്ലാ സംഘടനകളെയും കേന്ദ്രീകരിച്ചായിരിക്കും മുംബൈ സ്‌ഫോടനത്തിന്റെ അന്വേഷണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. എന്നാല്‍, മുന്‍വിധിയോടെയായിരിക്കില്ല അന്വേഷണം. ജൂലൈ അവസാനം നടക്കുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല സംഭാഷണം അട്ടിമറിക്കാനാണ് സ്‌ഫോടനമെന്ന സാധ്യതയും അധോലോകത്തിന്റെ പങ്കും അദ്ദേഹം തള്ളിക്കളഞ്ഞില്ല.  സ്‌ഫോടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായും മുതിര്‍ന്ന മന്ത്രിമാരുമായും സ്‌ഫോടനാനന്തര സാഹചര്യം അദ്ദേഹം വിലയിരുത്തി.
സ്‌ഫോടനത്തില്‍ 18 പേരാണ് മരിച്ചതെന്ന് ചിദംബരം സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് പരിക്കേറ്റത്. 13 ആശുപത്രികളിലായി പ്രവേശിപ്പിച്ച  ഇവരില്‍ 23 പേരുടെ നില ഗുരുതരമാണ്. 26 പേര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു.
രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തുന്നതിനാണ് സ്‌ഫോടനമെന്ന് കരുതാനാവില്ല. കൂടുതല്‍ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളാണ് അക്രമികള്‍ ലക്ഷ്യമിട്ടത്.  ഇത്തരം സ്‌ഫോടനങ്ങള്‍ വിദേശികളെ ലക്ഷ്യമിട്ടല്ലെന്ന് പറഞ്ഞ ചിദംബരം മുംബൈയില്‍ വിദേശികള്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരിലെങ്കിലും ചുമത്തുന്നതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. സംശയമുള്ള ഏത് സംഘടനയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണമുണ്ടാകുമെന്ന സൂചന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നില്ല. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതീവ ആസൂത്രിതമായും നിഗൂഢവുമായാണ്് കരുക്കള്‍ നീക്കിയത്. ഒരുപക്ഷേ, ഒരു ചെറിയ സംഘമായിരിക്കാം ആക്രമണത്തിന് പിന്നില്‍. അവര്‍ പരസ്‌പരം ആശയവിനിമയം നടത്തിയിരിക്കാനുമിടയില്ല.
സ്‌ഫോടനമുണ്ടായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന സി.സി. ടി.വി കാമറകളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും പിടികൂടും. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ ഇ-മെയില്‍ ഗൗരവമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുടെ പ്രഭവ കേന്ദ്രമായ പാക്-അഫ്ഗാന്‍ മേഖലയുടെ അയല്‍പക്കത്താണ് ഇന്ത്യയെന്നതിനാല്‍ രാജ്യത്തെ ഏത് നഗരവും ആക്രമിക്കപ്പെടാന്‍ സധ്യതയേറെയാണ്.
ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡിയില്‍ (ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ്) അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി ചിദംബരം പറഞ്ഞു.



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More