Your Title

Pages

Thursday, July 21, 2011

അന്വേഷണത്തിന് 12 സംഘങ്ങള്‍


അന്വേഷണത്തിന് 12 സംഘങ്ങള്‍
മുംബൈ: മഹാനഗരത്തിലെ തിരക്കേറിയ വ്യാപാരകേന്ദ്രങ്ങളില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരയെക്കുറിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ് )യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എ.ടി.എസിലെയും മുംബൈ ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ ഡസനോളം ടീമുകളാണ് അന്വേഷണരംഗത്തുള്ളത്. എന്‍.ഐ.എയും ഇതര കേന്ദ്ര ഏജന്‍സികളും അന്വേഷണ സംഘത്തെ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 6.45നും ഏഴിനുമിടക്ക് സവേരി ബസാര്‍, ഒപേര ഹൗസ്, ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 17 പേരാണ് മരിച്ചതെന്ന് ചിദംബരം വ്യക്തമാക്കി. 131 പേര്‍ക്ക് പരിക്കേറ്റതില്‍ 23 പേരുടെ നില ഗുരുതരമാണ്.
സ്‌ഫോടനങ്ങള്‍ക്ക് അമോണിയം നൈട്രേറ്റ് ചേര്‍ത്ത ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസു (ഐ.ഇ.ഡി )കളാണ് ഉപയോഗിച്ചതെന്നാണ് ഫോറന്‍സിക് വിദഗ്ധരില്‍നിന്ന് ലഭിച്ച പ്രാഥമിക വിവരമെന്ന് എ.ടി.എസ് മേധാവി രാകേശ് മാരിയ പറഞ്ഞു. ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. മൂന്നിടങ്ങളിലും വ്യത്യസ്ത ഗ്രൂപ്പുകള്‍ ബോംബ് സ്ഥാപിച്ച് സ്ഥലം വിട്ടിരിക്കാനാണ് സാധ്യതയെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ഒരു മൃതദേഹത്തില്‍നിന്ന് ഇലക്ട്രിക് വയറുകളും മറ്റും ലഭിച്ചത് ഇയാള്‍ ചാവേറാണോ എന്ന സംശയത്തിന് ഇടംനല്‍കിയിട്ടുണ്ട്. ചാവേറാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. എന്നാല്‍, ചാവേറുകളുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു മാരിയയുടെ പ്രതികരണം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എ.ടി.എസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍നിന്ന് പൊലീസും ബോംബ് സ്‌ക്വാഡും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി അവശിഷ്ടങ്ങള്‍ക്കിടയില്‍ ഫോറന്‍സിക് വിദഗ്ധര്‍ തിരച്ചില്‍ തുടരുകയാണ്.  സ്‌ഫോടനത്തിനുശേഷം മഴ പെയ്തതതും തീ അണക്കാന്‍ ആളുകള്‍ വെള്ളമൊഴുക്കിയതും കാരണം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഒലിച്ചുപോയതായും പൊലീസ് സംശയിക്കുന്നുണ്ട്്. ഒപേര ഹൗസില്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് തൊട്ടുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ ഫോറന്‍സിക് വിദഗ്ധരും എ.ടി.എസും പരിശോധിക്കുന്നുണ്ട്. ഒപേര ഹൗസില്‍നിന്ന് കിട്ടിയ സി.സി.ടി.വികളിലൊന്ന് സ്‌ഫോടനത്തില്‍ കേടുവന്നതായി പറയുന്നു.
 രത്‌നവ്യാപാരകേന്ദ്രമായ ഒപേര ഹൗസില്‍ നടന്ന സ്‌ഫോടനത്തിലാണ് കൂടുതല്‍ അത്യാഹിതമുണ്ടായത്. ഇവിടെ പത്തു പേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രത്‌നവ്യാപാരകേന്ദ്രമായ പഞ്ചരത്‌ന ടവറില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെ നിലത്ത് മൂടിവെച്ച നിലയിലായിരുന്നു ബോംബ്.
ഇരട്ട സ്‌ഫോടനമുണ്ടായ സവേരി ബസാറില്‍ ഏഴു പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വര്‍ണാഭരണ ഫാക്ടറികളുള്ള ഖാഉ ഗല്ലിയിലെ അഗിരി ലൈനിലുള്ള മോഹന്‍ പുഡ്‌ലാവാല സ്റ്റാളിന് സമീപത്തായിരുന്നു സ്‌ഫോടനം. ഹീറോ ഹോണ്ട ബൈക്കിലും സ്‌കൂട്ടറിലുമായാണ് ബോംബ് വെച്ചിരുന്നത്. കുടക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ദാദര്‍ വെസ്റ്റിലെ എസ്.കെ ബോലെമാര്‍ഗിലുള്ള ഹനുമാന്‍മന്ദിര്‍ ബസ്‌സ്‌റ്റോപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ആരും മരിച്ചിട്ടില്ല. ഒരു സ്ത്രീ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്. ബസ്‌സ്‌റ്റോപ്പിന് മുകളില്‍ പരസ്യബോര്‍ഡിന്റെ വൈദ്യുതിക്കായി സ്ഥാപിച്ച ജനറേറ്ററിന് മുകളില്‍ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്.  
മഹാരാഷ്ട്ര കാബിനറ്റ് വ്യാഴാഴ്ച പ്രത്യേകയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പാട്ടീല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
 അന്വേഷണം തകൃതിയാണെന്ന് പ്രഖ്യാപിക്കുമ്പോഴും വ്യക്തമായ സൂചനകളൊന്നും അധികൃതര്‍ക്ക് ലഭ്യമായിട്ടില്ല.
സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നാണ് പൊലീസും ആഭ്യന്തരവൃത്തങ്ങളും അനൗദ്യോഗികമായി നല്‍കുന്ന സൂചന. അധോലോക സംഘങ്ങള്‍ ഇതിനു പിന്നിലുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More