Published on Tue, 07/19/2011 - 23:09 ( 1 day 15 hours ago)
മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസ് അന്വേഷണം നീങ്ങുന്നത് ഗുജറാത്ത് ഭീകര വിരുദ്ധ സേന (എ.ടി.എസ് ) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മഹാരാഷ്ട്ര എ.ടി.എസും മുംബൈ ക്രൈംബ്രാഞ്ചും ചേര്‍ന്ന് അന്വേഷിക്കുന്ന സ്‌ഫോടനക്കേസില്‍ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓപറഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങളില്‍നിന്ന് സംശയാസ്‌പദമായി കണ്ട ഒരാളുടെ രേഖാചിത്രം തയാറാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, രാജ്യവ്യാപകമായി അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുമായി ബന്ധമുള്ളവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗുജറാത്ത് എ.ടി.എസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലുകളും അന്വേഷണവും തുടരുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെക്കുറിച്ച വിവരം 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരയെ തുടര്‍ന്നാണ് പുറത്തുവരുന്നത്. എന്നാല്‍, ഗുജറാത്ത് സ്‌ഫോടന പരമ്പര നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയാണെന്ന ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തലിനോട് അന്ന് മഹാരാഷ്ട്ര എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ വിയോജിച്ചിരുന്നു.
സിമിയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സഫ്ദര്‍ നഗോരിയുടെ നേതൃത്വത്തില്‍ 2006ലാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപവത്കരിച്ചതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തല്‍. ഗുജറാത്ത് സ്‌ഫോടനം നടക്കുന്നതിന് ഒരുമാസം മുമ്പ് നഗോരി, സഹോദരന്‍ കമറുദ്ദീന്‍, മലയാളിയായ ശിബ്‌ലി പീടിയേക്കല്‍ എന്നിവരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കുകയും ചെയ്ത മഹാരാഷ്ട്ര എ.ടി.എസിന് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
ഗുജറാത്ത് സ്‌ഫോടന പരമ്പരക്ക് മുമ്പ് 2008 മാര്‍ച്ചില്‍ ഇന്‍ഡോര്‍ പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുംബൈയില്‍ മുമ്പ് നടന്ന സ്‌ഫോടനക്കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ ഒരുമാസം മഹാരാഷ്ട്ര എ.ടി.എസിന്റെ കസ്റ്റഡിയിലായിരുന്നു. രാജ്യത്തുണ്ടായ സ്‌ഫോടനങ്ങളെ കുറിച്ചും മറ്റും ചോദ്യംചെയ്ത എ.ടി.എസ് നുണ പരിശോധന, നാര്‍കൊ അനാലിസിസ് ടെസ്റ്റ് എന്നിവക്ക് മൂവരെയും വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍നിന്ന് ഇന്ത്യന്‍ മുജാഹിദീനെ കുറിച്ചോ, രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളിലെ പങ്കാളിത്തത്തെ കുറിച്ചോ മഹാരാഷ്ട്ര എ.ടി.എസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.
2007 വര്‍ഷാരംഭത്തില്‍ ഗുജറാത്തിലും വര്‍ഷാവസാനം കേരളത്തിലും നഗോരിയുടെ നേതൃത്വത്തില്‍ സിമി രഹസ്യ യോഗവും പരിശീലനവും നടന്നു എന്നത് സംബന്ധിച്ചും മഹാരാഷ്ട്ര എ.ടി.എസിന് തെളിവ് ലഭിച്ചിരുന്നില്ല്‌ള. ഇവ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ചോദ്യം ചെയ്യലിലോ ശാസ്ത്രീയ പരിശോധനകളിലോ വിവരം പുറത്തുവരേണ്ടതാണെന്നാണ് അന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞത്.
ഗുജറാത്ത് സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന ഡാനിഷ് റിയാസിനെ കേന്ദ്രീകരിച്ചാണ് അവിടുത്തെ എ.ടി.എസ് മുംബൈ സ്‌ഫോടന കേസില്‍ മഹാരാഷ്ട്ര എ.ടി.എസിന് വിവരം നല്‍കുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ഹാറൂണിനെ പിടികൂടിയതും ഗുജറാത്ത് പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഡാനിഷ് മറ്റ് ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായി നടത്തിയ ഇമെയില്‍ ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തിലത്രെ ഗുജറാത്ത് പൊലീസിന്റെ നിഗമനങ്ങളും മറ്റും.
ബിഹാറില്‍ അറസ്റ്റിലായ റിയാസുല്‍ സര്‍ക്കാറിനെ കുറിച്ച് വിവരം നല്‍കിയതും ഗുജറാത്ത് എ.ടി.എസാണെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ രക്തസമ്മര്‍ദ്ദമേറി മരിച്ച ഫയാസ് ഉസ്മാനിയുടെ ചോദ്യം ചെയ്യലിലേക്ക് നയിച്ചതും ഗുജറാത്ത് പൊലീസ് നല്‍കിയ വിവരങ്ങളാണ്. ഗുജറാത്ത് സ്‌ഫോടന കേസില്‍ ഫയാസിന്റെ സഹോദരന്‍ അഫ്‌സല്‍ ഉസ്മാനി ഗുജറാത്ത് ജയിലില്‍ കഴിയുകയാണ്.
അതിനിടെ സവേരി ബസാര്‍, ഓപറഹൗസ്, ദാദറിലെ കബൂത്തര്‍ഖാന എന്നിവിടങ്ങളിലെ സ്‌ഫോടന പരമ്പരയില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. സവേരി ബസാറില്‍നിന്ന് പരിക്കേറ്റ് ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശോക് ഭാട്ട(45)യാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഇതോടെ മുംബൈ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 20 ആയി.
0 comments:
Post a Comment