Published on Tue, 07/19/2011 - 23:29 ( 1 day 15 hours ago)
മുംബൈ: 20 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ അന്വേഷണം ശരിയായ വിധമല്ല നടക്കുന്നതെന്ന് മഹാരാഷ്ട്ര ഐ.ജിയായിരുന്ന എസ്.എം. മുശ്‌രിഫ്. രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ത തുടങ്ങിയ സംഘടനകളുടെ പങ്ക് വ്യക്തമായിട്ടും കേസന്വേഷണം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് പുണെയില്‍ നിന്ന് 'മാധ്യമ'ത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ മുശ്‌രിഫ് പറഞ്ഞു.
സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും നിഗൂഢമായാണ് നീങ്ങുന്നതെന്ന് പറഞ്ഞ മുശ്‌രിഫ് അവരുടെ താല്‍പര്യത്തിനൊത്താണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. പൊലീസ് വൃത്തങ്ങളുടെ മറവില്‍ ആരുടേയോ താല്‍പര്യങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്്. മാലേഗാവ്, ഗോവ, താനെ, കല്യാണ്‍, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങളില്‍ സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത് സംഘടനകളുടെ പങ്ക് വെളിപ്പെട്ടതാണ്. ഈ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ രീതികളുമായും മുംബൈസ്‌ഫോടനത്തിന് സാമ്യതകളുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് താക്കൂര്‍, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എ.ടി.എസ് ശ്രമിക്കാത്തതെന്ന് മുശ്‌രിഫ് ചോദിച്ചു.
ഓരോ സ്‌ഫോടനങ്ങള്‍ക്കും ശേഷം ഇന്റലിജന്‍സ് പരാജയമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനെ കുറിച്ച ചോദ്യത്തിന് അങ്ങനെ ഒന്നില്ലെന്നായിരുന്നു മുശ്‌രിഫിന്റെ മറുപടി. രഹസ്യവിവരം നല്‍കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ എങ്ങനെയാണ് മുന്നറിയിപ്പുകളുണ്ടാകുക? രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഇന്റലിജന്‍സ് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. അക്കാര്യം 'ഹു കില്‍ഡ് കര്‍ക്കരെ ' എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയവര്‍ തന്നെ കേസന്വേഷിച്ചാല്‍ എങ്ങനെയാണ് നാടിന് നീതി ലഭിക്കുക -അദ്ദേഹം ചോദിച്ചു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ മരിച്ചതുമായി ബന്ധപ്പെട്ടാണ് 'ഹു കില്‍ഡ് കര്‍ക്കരെ' എന്ന കൃതി മുശ്‌രിഫ് രചിച്ചത്.
0 comments:
Post a Comment