Published on Thu, 07/21/2011 - 08:26 ( 6 hours 32 min ago)
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടന പരമ്പര നടന്ന് ആഴ്ച പിന്നിട്ടിട്ടും ബോംബ് പൊട്ടിക്കാന്‍ ഉപയോഗിച്ച ഉപകരണമെന്തെന്നു പോലും കണ്ടെത്താനാകാതെ അന്വേഷണ സംഘങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. ഇന്ത്യന്‍ മുജാഹിദീനോ അവരുടെ പുതിയ സംഘടനയോ ആകാം സ്‌ഫോടനത്തിന് പിന്നിലെന്ന നിഗമനത്തില്‍ കേരളം മുതല്‍ ബംഗാള്‍ വരെ അന്വേഷണം നീണ്ടിരിക്കുകയാണ്. ഒരാഴ്ചയായി നടക്കുന്ന അന്വേഷണത്തിനിടെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങളില്‍ സംശയാസ്‌പദമായി കണ്ടയാളുടെ രേഖാചിത്രം തയാറാക്കിയതൊഴിച്ചാല്‍ കാര്യമായ പുരോഗതികള്‍ അവകാശപ്പെടാനില്ല. അന്വേഷണ രീതിയെയും വിവരങ്ങളുടെ കൈമാറ്റത്തെയും അവകാശങ്ങളെയും ചൊല്ലി അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുകയും ചെയ്തു.
സ്‌ഫോടനം നടന്ന പ്രദേശങ്ങളില്‍ നിന്ന് ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് മൊബൈല്‍ വഴി ബന്ധപ്പെട്ട ആറുപേര്‍ സംശയത്തിന്റെ നിഴലിലാണ്. നേരത്തേ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളെന്നു കരുതുന്ന രണ്ടുപേരുടെ നാട്ടിലേക്ക് വിളിച്ചവരെയാണ് സംശയം. സവേരി ബസാര്‍, ഓപറ ഹൗസ്, ദാദര്‍ കബൂത്തര്‍ഖാന എന്നിവിടങ്ങളിലുള്ള മൊബൈല്‍ ടവറുകള്‍ വഴി സ്‌ഫോടനത്തിന് മുമ്പും ശേഷവും നടന്ന ഒന്നരലക്ഷം ആശയവിനിമയങ്ങള്‍ അരിച്ചുപെറുക്കിയതില്‍ നിന്നാണ് സംശയാസ്‌പദമായ ആറു മൊബൈല്‍ വിളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഗുജറാത്തിലെ ജുഹാപുര, വെജല്‍പുര്‍ ടവര്‍ എന്നിവിടങ്ങളിലേക്കാണ് സംശയത്തിന് ഇടനല്‍കിയ ഫോണ്‍വിളികളില്‍ ചിലത്്. ഗുജറാത്ത് ജയിലില്‍ കഴിയുന്ന ആലംജബ് അഫ്‌രീദിയുടെ നാടെന്നതാണ് സംശയത്തിന് പ്രധാന കാരണം. അമോണിയം നൈട്രേറ്റ്, ടി.എന്‍.ടി, പെട്രോളിയം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ബോംബുകളാണ് മൂന്നിടങ്ങളിലും സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ബോംബ് പൊട്ടിത്തെറിക്കാന്‍ ഉപയോഗിച്ച ടൈമറിനെ കുറിച്ച് വ്യക്തതയില്ല. സംഭവസ്ഥലങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്ര ഫോറന്‍സിക്, ദേശീയ സുരക്ഷാ സേന, എന്‍.ഐ.എ തുടങ്ങിയവയിലെ വിദഗ്ധര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നു. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ടി.എസുമായി പിണങ്ങി എന്‍.ഐ.എ സംഘം കഴിഞ്ഞ ദിവസം ദല്‍ഹിക്ക് തിരിച്ചുപോയി.
ഇതിനിടയില്‍, സ്‌ഫോടനത്തിന് മുമ്പ് നഗരത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ് നല്‍കിയ ക്രൈംബ്രാഞ്ചിന് ഭീകരരെ പിടികൂടാനോ നഗരത്തില്‍നിന്ന് തുരത്താനോ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഏഴു മാസം മുമ്പ് അഞ്ച് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ നഗരത്തില്‍ കടന്നതായി ക്രൈംബ്രാഞ്ച് മേധാവി ഹിമാന്‍ഷു റോയിയാണ് മുന്നറിയിപ്പ് നല്‍കിയത്. വാലിദ് ജിന്ന, അബ്ദുല്‍ കരീം മൂസ, നൂര്‍ അബു ഇലാഹി, മഹ്ഫൂസ് ആലം എന്നിവരാണ് നഗരത്തില്‍ കടന്ന ഭീകരരെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് വാലിദ് ജിന്നയുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. ഇവരെ തിരയാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയുമുണ്ടായി. 2009 ലും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് മുന്നറിയിപ്പുകള്‍ വിസ്മരിക്കപ്പെടുകയാണുണ്ടായത്. 20 പേരുടെ ജീവനപഹരിച്ച സ്‌ഫോടനങ്ങള്‍ക്ക് ശേഷവും പുതിയ മുന്നറിയിപ്പുകള്‍ സജീവമാകുന്നുണ്ട്. ഗള്‍ഫ് നാടുകളിലേക്കുള്ള രാജ്യാന്തര വിമാനത്തെ ഭീകരര്‍ ലക്ഷ്യമിടുന്നതായും വി.ഐ.പികളെ ലക്ഷ്യമിടുന്ന കൊറിയര്‍ ബോബുകളെയും പൂച്ചെണ്ടുകളെയും സൂക്ഷിക്കാനുമാണ് പുതിയ മുന്നറിയിപ്പുകള്‍.
0 comments:
Post a Comment