Published on Mon, 07/18/2011
ഭീകരപ്രവര്‍ത്തനം ഇന്ത്യക്കോ മുംബൈക്കോ ഒട്ടും പുത്തരിയല്ല. മുംബൈക്ക് പക്ഷേ, ഇക്കാര്യത്തില്‍ സവിശേഷമായൊരു പ്രതിച്ഛായയുണ്ട്; ഏതു ദുരന്തത്തിന്റെയും പിറ്റേന്നുതന്നെ സാധാരണ നിലയിലാവുകയും പതിവുകാര്യ പരിപാടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന നഗരമെന്ന്. ടി.വി ചാനലുകാരും ദേശീയ പത്രങ്ങളും ചേര്‍ന്ന് പാകംചെയ്‌തെടുത്ത ബ്രാന്‍ഡിങ്ങാണിത്. ആയതിലേക്ക് നഗരവാസികളുടെ 'സ്‌പിരിറ്റ്' തൊട്ട് ധൈര്യവും സഹനവീര്യവും സംയമനവും വരെ പലജാതി മസാലകളും ചേര്‍ക്കും. ഇക്കുറിയും മാധ്യമങ്ങള്‍ അതേ പല്ലവി പാടുന്നു, രാജ്യം ഏറ്റുപാടുന്നു, നേരെന്താണ്?
പത്തുപന്ത്രണ്ടു കൊല്ലം മുംബൈയില്‍ കഴിഞ്ഞ ഈ ലേഖകന്‍ ഇമ്മാതിരിയൊരു വിശിഷ്ട ചരക്ക് അവിടെങ്ങും കണ്ടിട്ടില്ല. ശരിയാണ് ദുരന്തപ്പിറ്റേന്നല്ല, പിറ്റേ നിമിഷംതന്നെ പഴയപടി തങ്ങളുടെ ജീവിതവുമായി മുന്നേറുന്നവരാണ് നഗരവാസികള്‍. അതിപ്പോ, താക്കറെ ആന്‍ഡ് കോയുടെ വര്‍ഗീയ കലാപരിപാടിയായാലും 'വിദേശകരം' -സ്‌പോണ്‍സേഡ് വെടിക്കെട്ടായാലും. വാസ്തവത്തില്‍, അപായത്തോതെടുത്താല്‍ നഗരം സ്ഥിരമായി വെച്ചുനടത്തുന്നൊരു നിത്യഭീകരപ്രവര്‍ത്തനത്തിന്റെ ഏഴയലത്തുവരില്ല, ഇന്നോളമുണ്ടായ വിധ്വംസക ഇനങ്ങളെല്ലാം ചേര്‍ത്തെണ്ണിയാലും. പ്രതിവര്‍ഷം ശരാശരി 3500-4000 പേരാണ് സബര്‍ബന്‍ റെയിലിന്റെ വകയില്‍ കാഞ്ഞുപോകുന്നത്! മണ്ണു നുള്ളിയിടാന്‍ ഇടംതികയാത്ത ഈ പറക്കുംപെട്ടികളില്‍നിന്ന് തെറിച്ചുവീണ്, ട്രാക് മുറിച്ചുകടക്കുമ്പോള്‍ വണ്ടിയിടിച്ച്, വണ്ടിക്കു വൈകാതിരിക്കാന്‍ ചാടിക്കയറുമ്പോള്‍ വണ്ടിക്കടിയില്‍പെട്ട്... ഇതൊന്നുമല്ലെങ്കില്‍ വല്ലവനും തല്ലിക്കൊന്ന് സൗകര്യപ്രദമായി ട്രാക്കിലിട്ട് റെയില്‍വേയുടെ അക്കൗണ്ടിലാക്കുന്നത്. അതുമല്ലെങ്കില്‍ ക്ലീന്‍ തക്കൊല. എന്തായാലും നഗരത്തിന്റെ ഈ സ്വന്തം ഭീകരപ്രവര്‍ത്തനത്തില്‍ ആരും ഞെട്ടുന്ന ചരിത്രമില്ല; ഈ കണക്കുപട്ടിക പരസ്യപ്പെടുത്തുന്ന വെസ്‌റ്റേണ്‍ റെയില്‍വേയടക്കം. എന്തുകൊണ്ട്?
ശരാശരി മുംബൈവാല സ്വന്തംകാര്യം സിന്ദാബാദുകാരനാണ്. അക്കാര്യത്തില്‍ തരിമ്പും കാപട്യവുമില്ല. അതവന്റെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ഒന്നാമത്, പൃഥ്വിരാജ് ചവാനടക്കം സര്‍വരുമിവിടെ ലക്ഷണമൊത്ത വരത്തരാണ്. പറഞ്ഞുവന്നാല്‍, മഹാരാഷ്ട്രയുടെ മറ്റിടങ്ങളില്‍നിന്ന് കുടിയേറുന്ന മറാത്തിപോലും ഈ നഗരത്തില്‍ വരത്തനാണ്. മണ്ണിന്റെ മക്കള്‍ ഡയലോഗൊക്കെ ഇമ്മാതിരി മറ്റൊരു വരത്തന്റെ രാഷ്ട്രീയ നിലനില്‍പു പ്രശ്‌നം മാത്രം. മറാത്തി സാംസ്‌കാരികതയുടെ കൊടിമരമൊന്നുമല്ല മുംബൈ. അതിപ്പോ, സാക്ഷാല്‍ താക്കറെ അരനൂറ്റാണ്ടായി കഴിയുന്ന ബാന്ദ്രയായാല്‍പോലും.
രണ്ട്, ഈ വരത്ത ജനാവലിക്ക് നഗരത്തോട് തീര്‍ത്തും സ്വന്തമെന്ന മട്ടിലുള്ളൊരു ഹൃദയബന്ധം, താമസമെത്ര പഴകിയാലും ഉണ്ടാവുംവിധമല്ല നഗരത്തിലെ സാമൂഹികജീവിതം. സ്വന്തം ഹൗസിങ് സൊസൈറ്റി അല്ലെങ്കില്‍ ചേരിക്കൂട്ടായ്മ. കൂടിപ്പോയാല്‍ പണിസ്ഥലത്തെ ചില്ലറ പരിചയക്കാര്‍ -അതിനപ്പുറം പോയി സാര്‍ഥകമായ വല്ല ബന്ധവുമുണ്ടാക്കാനോ ഇടപെടല്‍ നടത്താനോ ആരും പൊതുവെ തയാറല്ല. (വിട്ടുപോന്ന നാടുകളുടെ പേരിലുള്ള കൂട്ടായ്മകളുണ്ട്. അതുതന്നെ ഈ നഗരത്തില്‍നിന്നുള്ള മാനസികമായ അന്യവത്കരണത്തിന്റെ പ്രകടനപത്രികയാണല്ലോ.) തീവ്രമായ ബഹുസാംസ്‌കാരികത നിത്യപ്രയോഗത്തിലാവുന്നതിന്റെ രസകരമായ ഒരേനക്കേടാണിതെന്നു പറയം. സ്വന്തം വട്ടത്തിനപ്പുറത്തേക്കൊരു ക്രോസ് കള്‍ചറല്‍ ബന്ധത്തിനുള്ള വൈക്ലബ്യവും മെനക്കേടും മാത്രമല്ല കാരണം, 'നേര'മില്ലെന്നതും കൂടിയാണ്. അംബാനികള്‍ തൊട്ട് വഴിയോര ചായ്‌വാലകള്‍ വരെ സദാ ബിസി. ഈ ബിസിയാണ് നഗരത്തിന്റെ കാതലായ 'ബിസിനസ്'. തിരക്കില്ലാത്തവന്‍ നഗരത്തിന് അധികപ്പറ്റാണ്. ഇങ്ങനൊരു തിരക്കിന്റെ കെണി ആധാരമാക്കുന്നതുതന്നെ പറ്റിയ ഉരുപ്പടിയെയാണ് -തീവണ്ടി. നിത്യവും തിരക്കിട്ട് പുറപ്പെടാനും തിരക്കിട്ടുതന്നെ തിരികെയെത്താനും വണ്ടിപിടിക്കുക. അതിന്റെ ഇലക്‌ട്രോണിക് അംശഭേദങ്ങളിലാണ് ജീവിതത്തിന്റെ ഭ്രമണംതന്നെ. നാട്ടിലെപ്പോലെ നാഴികവ്യവസ്ഥയിലല്ല, സെക്കന്‍ഡ് സൂചിയിലാണ് ശകടവും യാത്രികരും. 8.33, 8.35, 8.37 ... അങ്ങനെ. കൈവിലങ്ങിന്റെ അതേ ഛായയുള്ള തീവണ്ടിപ്പിടികളില്‍ തൂങ്ങി ജീവിതം പായുമ്പോള്‍ മറ്റൊന്നിനും നേരമില്ല. നഗരം അതനുവദിക്കുന്നില്ല. അത് അന്തേവാസിയെ അങ്ങു കൊണ്ടുപോവുകയാണ്. ഈ കൊണ്ടുപോക്ക്, നഗരവാസിക്ക് ചുറ്റുപാടുകളോടൊരു നിസ്സംഗതയുണ്ടാക്കുന്നു- അയാള്‍ പോലുമറിയാതെ. അതില്‍ വരത്തന്റെ പലതരം ഉത്കണ്ഠകള്‍ പലതോതില്‍ ലയിച്ചുകിടപ്പുണ്ടാവും. അതുകൊണ്ടുതന്നെ, തത്ത്വചിന്താപരമായ നിര്‍മമതയൊന്നുമല്ല ഈ നിസ്സംഗത. ചത്തുകിടക്കുന്നത് പട്ടിയായാലും പട്ടിക്കാംതൊടിയായാലും വേഷക്കാര്‍ അവരവരുടെ വഴിക്കുപോകും. ഈ വഴിപോക്കിത്തരത്തിനെയാണ് നഗരത്തിന്റെ 'സ്‌പിരിറ്റ്' എന്ന ബ്രാന്‍ഡ്‌നെയിമിട്ട് മഹത്വവത്കരിക്കുന്നത്. സത്യത്തില്‍, മാധ്യമസൊറ എന്നതിനപ്പുറം ഈ ബ്രാന്‍ഡിങ്ങില്‍ വലിയ ചില ചതികള്‍ പതിയിരിപ്പില്ലേ?
ഒന്നാമത്, ആരെ കാണിക്കാനാണീ കപടധീരത? ഭീകരപ്രവര്‍ത്തനത്തിനു മുമ്പില്‍ മുട്ടുമടക്കില്ലെന്നു നഗരം വിളിച്ചുപറയുന്നു എന്നാണ് വ്യാഖ്യാനം. ഭീകരപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണീ വാണിയെങ്കില്‍, ഒന്നോ രണ്ടോ മൂന്നോ ധീരതപ്രകടനംകൊണ്ട് അവന്മാര് ചമ്മി, ഈ പരിപാടി നിര്‍ത്തിയേനെ. വെറുതെ ആര്‍.ഡി.എക്‌സിനും ടി.എന്‍.ടിക്കും തുട്ടുകളയാതെ സ്ഥലം കാലിയാക്കിയേനെ. ഇന്നിപ്പോ, ഏറ്റവുമധികം ബോംബ് പൊട്ടുന്ന നഗരമായിരിക്കുന്നു മുംബൈ. (കറാച്ചിയും ലാഹോറും ചൂടാവരുത് -ഒരു കാര്യത്തിലും പാകിസ്താനേക്കാള്‍ പിന്നിലാണ് ഞങ്ങളെന്നു പറയാന്‍ ദേശാഭിമാനം സമ്മതിക്കുന്നില്ല.) കഴിഞ്ഞ 20 കൊല്ലത്തെ ചരിത്രമെടുക്കുക. 1993 മാര്‍ച്ച് 12ന് സ്‌ഫോടനപരമ്പര, 257 മരണം. 2002 ഡിസംബര്‍ രണ്ടിന് ഘാട്കൂപ്പറില്‍ സ്‌ഫോടനം, നാലാംപക്കം മുംബൈ സെന്‍ട്രലില്‍. 2003 ജനുവരി 27ന് വിലെപാര്‍ലയില്‍, മേയ് 13ന് ലേഡീസ് ട്രെയിനില്‍, ആഗസ്റ്റ് 25ന് ഗെയ്റ്റ്‌വേയിലും സാവേരി ബസാറിലും ഇരട്ടസ്‌ഫോടനം, 2006 ജൂലൈ 11ന് ഏഴു തീവണ്ടികളിലായി ഏഴെണ്ണം, പിന്നെ നമ്മുടെ സ്വന്തം 9/11ആയി ആഘോഷിച്ച 26/11. രണ്ടര കൊല്ലത്തിന്റെ ചെറിയൊരിടവേളക്കുശേഷം ഇപ്പോഴിതാ പുതിയ ഗഡു. ഇതില്‍ 26/11നെ ആഗോള കമ്പക്കെട്ടായി ഉയര്‍ത്തിക്കാട്ടി സ്ഥിരം ഘോഷിക്കാന്‍ വകുപ്പുണ്ടാക്കിയതിന് ഭീകരപ്രവര്‍ത്തകരോട് നന്ദിപറയണം. കാരണം, താജും ഒബ്‌റോയിയും പോലുള്ള വരേണ്യമേടകളുടെ ഹബിളക്കി നഗരത്തിലെ 'സൊസൈറ്റി' ജീവികള്‍ക്ക് ഇതാദ്യമായി ഉള്‍ഭയം സമ്മാനിച്ചതു കൊണ്ടാണല്ലോ ടി സംഭവം ദീര്‍ഘിച്ച ഒച്ചപ്പാടുണ്ടാക്കിയത്. അതിനുമുമ്പുണ്ടായ ദുരന്തങ്ങളുടെ പേരില്‍ ദേശീയ ഉച്ചഭാഷിണികള്‍ ഗര്‍ജിച്ചില്ല. ഇരകളൊക്കെ സാധാരണക്കാര്‍. വടാപാവ് തിന്നുന്നവന്റെ ഉയിരിനെങ്ങനെ ഫൈവ് കോഴ്‌സ് ഡിന്നറുകാരന്റെതിന്റെ കമ്പോളമൂല്യം കിട്ടും?
ഈ ചിരപരിചിത അനുഭവയോഗത്തില്‍ നഗരവാസിക്ക് മരണം നിസ്സംഗമായൊരു നിത്യക്കാഴ്ചയാകുന്നു- റെയില്‍പാളങ്ങള്‍ തൊട്ട് കടലിടുക്കുകളില്‍വരെ. ജീവിതം തന്നെ അങ്ങനെ മാത്രം നോക്കിക്കാണേണ്ട ജഡതയാണ് -70 ശതമാനം പേര്‍ ചേരികളില്‍, ഫുട്പാത്തുകളില്‍, എലിമേടകളില്‍. എല്ലാത്തിനുമിടയിലൂടെ ഒന്നും കണ്ടില്ലെന്നു നടിച്ചുള്ള യാന്ത്രികചലനത്തിലാണ് ഏതു നഗരവാസിയും. നടിപ്പ് ശീലമാക്കാന്‍, ശീലം സ്വഭാവമാക്കാന്‍ വേണ്ട ഉപായങ്ങള്‍ യഥേഷ്ടം സഹായത്തിനുണ്ടുതാനും -വെര്‍ച്വല്‍ ലോകങ്ങളിലേക്കുള്ള വിമോചനം. ഐശ്വര്യറായിക്ക് മാസം തികഞ്ഞോ, ബോണികപൂറിന്റെ 17ാം കാമുകിയുടെ 14ാം കാമുകന്‍ ഇപ്പോള്‍ ആരുടെ കൂടെ, ബിപാഷയുടെ പൊക്കിളില്‍ ബട്ടന്‍ പിടിപ്പിച്ചതിന്റെ സാങ്കേതികത്വം... എല്ലാത്തിനും പേജ്-ത്രീ എന്നൊരു സാംസ്‌കരിക തലക്കുറിയും. ബോളിവുഡ്, പാര്‍ട്ടികള്‍, നിശാക്ലബ്, സെന്‍സെക്‌സ്, ബുള്ളിയന്‍, ഈ വെര്‍ച്വല്‍ ജീവിതത്തെ നഗരയാഥാര്‍ഥ്യമായി സാധാരണ പൗരാവലിയുടെ തലയിലേക്കും തള്ളിവിടുകയാണ്. പച്ചയായ ചുറ്റുപാടുകളില്‍ നിന്ന് കണെ്ണടുത്ത് ജീവിതമുന്താനുള്ള പ്രലോഭന ലഹരി.
ഈ സവിശേഷ പശ്ചാത്തലത്തിലാണ് ഭരണ രാഷ്ട്രീയക്കാരുടെ വക സ്ഥിരം ഉഡായിപ്പുകള്‍. ഇപ്പോഴത്തെ സ്‌ഫോടനത്തിന്റെ പിറ്റേന്നുതന്നെ ആഭ്യന്തരമന്ത്രി ചിദംബരം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു-'ഇതൊരു ഇന്റലിജന്‍സ് പരാജയമല്ല.' അതിനര്‍ഥം, ഇന്റലിജന്‍സുകള്‍ നേരത്തേ കഥ മണത്തിരുന്നു എന്നല്ലേ? ഉടനെ വരുന്നു അടുത്ത വാണി; സാക്ഷാല്‍ സര്‍ദാര്‍ജി വക: 'terrorists had the advantage of surprise.' അല്ലാതെ പിന്നെ മുന്‍കൂട്ടി അനുവാദം ചോദിച്ചും പരസ്യപ്പെടുത്തിയുമാണോ ബോംബു പൊട്ടിക്കുക. ആഭ്യന്തരമന്ത്രി പറഞ്ഞതിനു കടകവിരുദ്ധമായി ഇന്റലിജന്‍സ് ഒന്നും മണത്തില്ലെന്നല്ലേ പ്രധാനമന്ത്രിയുടെ വിടുവാ സ്വയം സമ്മതിക്കുന്നത്? ഇതിനാണ് പോഴത്തത്തിലെ കൂട്ടുത്തരവാദിത്തം എന്നു പറയുന്നത്. അതാ വരുന്നു, ഭാവി പ്രധാനമന്ത്രി വക ദേശസുരക്ഷാ ഗാരണ്ടി: '99 ശതമാനം വിധ്വംസക പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ തടയും, ഒരു ശതമാനത്തിന് എപ്പോഴും പഴുതുണ്ട്.' അമുല്‍ ബേബിയെ സംരക്ഷിക്കുന്ന ചരിത്ര ദൗത്യം പേറുന്ന ദിഗ്വിജയ് സിങ് സ്ഥിരം നിലവാരം പ്രകടിപ്പിച്ചു. 'പാകിസ്താനില്‍ നിത്യവും ബോംബുപൊട്ടുകയല്ലേ, ഇവിടതുപോലാണോ?
ഈ ദേശീയ ഊളത്തരങ്ങളുടെ നേര്‍മറുപുറത്താണ് ലോക്കല്‍ വിദ്വാന്മാരുടെ കച്ചേരി. മഹസര്‍ എഴുതിത്തീരും മുമ്പേ ലോക്കല്‍ജികള്‍ പ്രതികളെ നിശ്ചയിച്ചു. ദാവൂദ് ഇബ്രാഹിം, ഐ.എസ്.ഐ. അതിനുള്ള യുക്തിയാണ് യുക്തി, കസബിന്റെ പിറന്നാളിനാണ് ബോംബ് പൊട്ടിച്ചിരിക്കുന്നത്! മാധ്യമങ്ങള്‍ ഉടനെ പിറന്നാള്‍ സദ്യ തുടങ്ങി. ജനമതേറ്റെടുക്കുന്നു. തീവണ്ടിമുറികളില്‍, തെരുവോര സൊറയില്‍, ഫ്‌ളാറ്റുകളില്‍, ചാറ്റുകളില്‍, എസ്.എം.എസ് മണികളില്‍... കസബിന്റെ പിറന്നാള്‍ മറ്റൊരു ദിവസമാണെന്ന് വന്നിട്ടും തിരുത്തിപ്പറയാന്‍ ആരും മെനക്കെട്ടില്ല. ജനപ്രിയ സദ്യ തുടങ്ങിപ്പോയില്ലേ? ഇതാണ് നഗരശൈലി, പ്രിയങ്കരമായത് ആവോളം നുകരുക, ബാക്കിയൊക്കെ മറക്കുക.
സാമൂഹികത എന്നൊന്നില്ലാതെ ആള്‍ക്കൂട്ടങ്ങളുടെ സര്‍വാണിസദ്യയില്‍ സ്വന്തം നില്‍ക്കക്കള്ളിയാണ് എല്ലാവരുടെയും ഏക താല്‍പര്യം. അതിനുവേണ്ടി ഏതു ബോംബു കൂനക്കിടയിലൂടെയും നടക്കും- സ്വന്തം വഴിക്ക്. അതില്‍ വല്ല 'സ്‌പിരിറ്റു'മുണ്ടെങ്കില്‍ അത് ഇപ്പറഞ്ഞ ഒന്നുമാത്രം. അല്ലെങ്കില്‍പിന്നെ ഏതൊരു നാട്ടിലാണ് നിരന്തര സ്‌ഫോടനങ്ങള്‍ക്കും കൂട്ടക്കുരുതിക്കും നിത്യഭീഷണിക്കും മുന്നില്‍ പൗരന്‍ അടങ്ങിയിരിക്കുക? ഉത്തരവാദപ്പെട്ടവരെ നിര്‍ത്തിപ്പൊരിക്കില്ലേ? കെടുതികള്‍ക്കു മുന്നില്‍ വന്ന് ഉളുപ്പില്ലാതെ ഊളത്തരം പറയാന്‍ ഏതധികാരി ധൈര്യപ്പെടും?
അത്തരം പ്രതികരണങ്ങളുണ്ടാവുക കാല്‍ നിലത്തുറപ്പിച്ച, സാമൂഹികത കൈവരിച്ച പ്രദേശങ്ങളിലാണ്. സബര്‍ബന്‍ വണ്ടിയുടെ കമ്പാര്‍ട്ടുമെന്റുകള്‍ പോലെ സ്വയം കമ്പാര്‍ട്ട്‌മെന്റ്‌വത്കരിച്ച ആള്‍ക്കൂട്ട നാഗരികതക്കിതു വഴങ്ങില്ല. പറഞ്ഞിട്ടുള്ളത് വഴിപോക്കിത്തരത്തിന്റെ സ്‌പിരിറ്റാണ്. അതുമായങ്ങ് സുഖമായി മുന്നേറുക. അതിന്മേല്‍ വീരവാണിയിറക്കുന്ന പണി മാധ്യമങ്ങള്‍ ചെയ്‌തോളും. അടുത്ത വെടിക്കെട്ടു വരേക്ക്, എ ഷോര്‍ട്ട് ബ്രേക്ക്.
0 comments:
Post a Comment