Published on Sun, 07/17/2011 - 10:01 ( 4 days 5 hours ago)
ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധ സ്വകാഡ് (എടിഎസ്) ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ ആശുപത്രിയില്‍ മരിച്ചു. ഫയാസ് ഉസ്മാനിയാണ് മരിച്ചത്. അഹ്മദാബാദ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഫ്‌സല്‍ ഉസ്മാനിയുടെ സഹോദരനാണ് ഫയാസ്. ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ ഫയാസിനെ അടുത്തുള്ള സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
മസ്തിഷ്‌കാഘാതം മൂലമാണ് ഫയാസ് മരിച്ചതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ട് പൊലീസ് പറഞ്ഞു. എന്നാല്‍ ചോദ്യംചെയ്യലിന്റെ പേരില്‍ ഫയാസിനെ എടിഎസ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് മരണകാരണമെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
ശനിയാഴ്ചയാണ് ഫയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് പൊലീസ് തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ഇതിന്റെ മരുന്ന് രണ്ട് മൂന്ന് ദിവസമായി കഴിച്ചിട്ടില്ലെന്നും ഫയാസ് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. ഇതായിരിക്കാം മരണകാരണം. എന്നിരുന്നാലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാം- ഡിസിപി നിസാര്‍ തംബോലി പറഞ്ഞു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെന്ന് കരുതുന്ന അഫ്‌സല്‍ ഉസ്മാനിയെ 2008 ലാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്.
0 comments:
Post a Comment