Your Title

Pages

Thursday, July 21, 2011

മുംബൈ അതിജീവിക്കും


മുംബൈ അതിജീവിക്കും
ദുരന്തങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിദ്രുതം മറികടക്കാനുള്ള ധീരമായ ഇച്ഛാശക്തി മുംബൈയുടെ സവിശേഷതയാണ്. ബുധനാഴ്ച നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തോടുള്ള നഗരത്തിന്റെ പ്രതികരണം വിശകലനം ചെയ്യുകയാണ് പ്രഗല്ഭ പത്രപ്രവര്‍ത്തകനായ ലേഖകന്‍. ഓരോ തുടിപ്പിനും നേര്‍സാക്ഷിയായി ആറു ദശകമായി മഹാനഗരത്തിന്റെ ഭാഗമാണ് അദ്ദേഹം.
ദുരന്തങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെ എത്ര വേഗമാണ് മുംബൈ അതിന്റെ പതിവുമട്ടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. ദുരന്തങ്ങള്‍ പ്രകൃതിദത്തമാകട്ടെ, മനുഷ്യനിര്‍മിതമാകട്ടെ, ഏതുതരമായിരുന്നാലും അവയുടെ ആഘാതശേഷിക്ക് പിടികൊടുക്കാതെ പതിവുകള്‍ വീണ്ടെടുക്കാനുള്ള ശരാശരി മുംബൈക്കാരന്റെ ശേഷി എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്. 1947ലായിരുന്നു ഞാന്‍ ആദ്യമായി ഈ മഹാനഗരിയില്‍ വണ്ടിയിറങ്ങിയത്. എന്റെ നഗരജീവിതത്തിന്റെ ആ ആദ്യനാളുകളിലും ജീവന്‍ പണയംവെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെയും പരസ്‌പര സഹകരണത്തിന്റെയും ആവേശജനകമായ കഥകളായിരുന്നു ജനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. 1944ലെ കപ്പല്‍ശാലാ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട സ്മൃതികള്‍ക്ക് അപ്പോള്‍ മൂന്നു വയസ്സ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
അന്നുമുതല്‍ ഞാന്‍ മഹാനഗരിയെ കേള്‍ക്കുന്നു, അനുഭവിക്കുന്നു. അങ്ങനെ മുംബൈയെ ഞാന്‍ സ്‌നേഹിക്കാനും തുടങ്ങി. കഴിഞ്ഞ ആറു ദശകത്തിനിടയില്‍ പത്തിലേറെ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയായി. 2005 ജൂണ്‍ 26നുണ്ടായ അഭൂതപൂര്‍വമായ വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള പ്രകൃതികോപങ്ങള്‍ക്കും സാക്ഷിയാവുകയുണ്ടായി. 2005ലെ വെള്ളപ്പൊക്കത്തില്‍ ഞാന്‍ താമസിച്ച വീടിനകത്തുവരെ വെള്ളം കയറി. അയല്‍ക്കാരന്റെ വീട്ടിലാണ് ഞാന്‍ രണ്ടു ദിവസവും അന്തിയുറങ്ങിയത്. തീനും കുടിയുമായി ഞാന്‍ മാത്രമല്ല മറ്റു പലരും ആ ഊഷ്മളാതിഥ്യം അനുഭവിച്ചു. മുംബൈയില്‍ അന്ന് ഗതാഗതം പാടേ സ്തംഭിച്ചുപോയിരുന്നു. പലര്‍ക്കും അന്ന് സ്വന്തം വീടണയാന്‍ 70 കി.മീറ്റര്‍ വരെ നടക്കേണ്ടതായിവന്നു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സഹജീവികള്‍ക്ക് പലരും ഭോജനശാലകള്‍ ഉയര്‍ത്തി സൗജന്യമായി ഭക്ഷണങ്ങള്‍ വിതരണം ചെയ്തു.
മുംബൈയിലെ മറ്റു പത്ത് ബോംബ് സ്‌ഫോടനങ്ങള്‍ക്കുകൂടി ഞാന്‍ സാക്ഷിയാണ്. അവ വിശദമായി മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. 1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനമായിരുന്നു ഇവയില്‍ ആദ്യത്തേത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനോടുള്ള രോഷപ്രകടനം എന്ന നിലയിലായിരുന്നു പ്രസ്തുത സ്‌ഫോടന പരമ്പര. ഒരുപക്ഷേ, ഏറ്റവും വ്യാപകമായ വിനാശം സൃഷ്ടിച്ചതും ഈ പരമ്പരതന്നെയാകണം. 13 ഇടങ്ങളിലാണ് അന്ന് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ഈ മഹാനഗരിയുടെ ഓഹരി വിപണി മന്ദിരത്തിനു സമീപം മുതല്‍ 22 കി.മീ. അകലെയുള്ള ഖറില്‍വരെ സ്‌ഫോടനത്തിന്റെ മാരകത വിളയാടി. വര്‍ളിയിലെ 14 നിലകളുള്ള നെഹ്‌റു സെന്ററിന്റെ മട്ടുപ്പാവില്‍ കയറി ഞാന്‍ ആ സംഹാരത്തിന്റെ ദൃശ്യം നോക്കിക്കണ്ടു. 257 പേരാണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേറ്റു. പലര്‍ക്കും അംഗഭംഗംപോലും സംഭവിച്ചിരുന്നു. പക്ഷേ, തൊട്ടു പിറ്റേദിവസം തന്നെ തലേരാത്രിയുടെ നടുക്കം വിട്ടുണര്‍ന്ന് നഗരം ജീവിതത്തിന്റെ ചൈതന്യം തുടിക്കുന്ന പ്രസാദഭാവങ്ങളിലേക്ക് തിരികെ മടങ്ങി. മരിച്ചവര്‍ പോയി. ആ വിയോഗത്തിന്റെ ആകുല  മുടുപടമണിഞ്ഞ് നിഷ്‌ക്രിയരായിരിക്കാന്‍ സാധിക്കില്ല നഗരത്തിലെ പച്ചമനുഷ്യര്‍ക്ക്. ചുവടുവെക്കാന്‍ ഏറെ കാതം ബാക്കിനില്‍ക്കുന്നു.
തുടര്‍ന്ന് ചെറുതും വലുതുമായ മറ്റ് സ്‌ഫോടനങ്ങളും നഗരത്തിന്റെ സ്വാസ്ഥ്യം കവരാനെത്തി. 1998 ജനുവരി 27, 2002 ഡിസംബര്‍ രണ്ട്, 2003 മാര്‍ച്ച് 13, 2003 ജൂലൈ 28, 2003 ജൂലൈ 31, 2003 ആഗസ്റ്റ് 25, 2006 ജൂലൈ 12, 2008 നവംബര്‍ 26 തുടങ്ങിയ സ്‌ഫോടനങ്ങളില്‍ നാലും ജൂലൈ മാസമാണ് അരങ്ങേറിയത്. ജൂലൈയിലെ മഴ ഭീകരര്‍ക്ക് മറയും സൗകര്യവും നല്‍കുന്നു. സുപ്രധാന തെളിവുകളും അടയാളങ്ങളും മഴവെള്ളപ്രവാഹത്തില്‍ മാഞ്ഞുപോകുകയും ചെയ്യുന്നു.
സ്‌ഫോടനങ്ങള്‍ സമാനമാതൃകയില്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും പൊലീസും ഇന്റലിജന്‍സ് വിഭാഗവും പാഠമൊന്നും പഠിക്കുന്നില്ല. ഏകോപനമില്ലാതെയാണ് ഇപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തന വൈകല്യം സംഭവിച്ച രഹസ്യാന്വേഷണ സംഘങ്ങളും കാര്യക്ഷമത തീണ്ടാത്ത മഹാരാഷ്ട്ര ഭരണകൂടവും വിവരശേഖരണത്തിനുപോലും ഭദ്രമായ സംവിധാനമില്ലാത്ത പൊലീസ് വിഭാഗവും ചേര്‍ന്ന് മുംബൈ നിവാസികളുടെ ജീവനും ഭാവിയും ഭീകരരുടെ ദാക്ഷിണ്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് പറയുമ്പോള്‍ അതില്‍ അതിശയോക്തിയില്ല.
ബുധനാഴ്ച അരങ്ങേറിയ സ്‌ഫോടന ദുരന്തവേളയിലും സഹാനുഭൂതിയുടേയും വിപദിധൈര്യത്തിന്റെയും സമര്‍പ്പണത്തിന്‍േറയും മാതൃകകളാണ് നഗരവാസികള്‍ കാഴ്ചവെച്ചത്. രക്തത്തില്‍ കുളിച്ചവരെ ആശുപത്രികളിലേത്തിക്കാന്‍ സാധാരണ ജനങ്ങള്‍ കുതിച്ചെത്തി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലും കയറ്റാന്‍ അവര്‍ കൈമെയ് മറന്ന് ഉത്സാഹിക്കുകയുണ്ടായി. അതേസമയം, ഏതാനും എം.എല്‍.എമാര്‍ക്കും മുനിസിപ്പല്‍ അംഗങ്ങള്‍ക്കുംപാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ക്കും സുരക്ഷ നല്‍കുന്നതിലും ജനങ്ങളെ നിയന്ത്രിച്ച് വഴിയൊരുക്കുന്നതിലുമായിരുന്നു പൊലീസ് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത്. രാഷ്ട്രീയത്തെ ഉപജീവനമാക്കിയവരാകട്ടെ ഒട്ടും സേവനമനസ്‌കരായല്ല അവിടെ രംഗപ്രവേശം ചെയ്തത്. അടുത്ത വര്‍ഷത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലേക്ക് കണ്ണയച്ചുകൊണ്ടുള്ള ഒരു 'ഷോ' ജനങ്ങള്‍ക്ക് മുമ്പില്‍ ആടിത്തീര്‍ക്കുകയായിരുന്നു അവരുടെ സന്ദര്‍ഭോദ്ദേശ്യമെന്ന് ആ ഭാവഹാവാദികള്‍ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.
ദുരന്തം താണ്ഡവമാടുന്ന ഓരോ സന്ദര്‍ഭത്തിലും മുംബൈയിലെ സാധാരണ പൗര ജനങ്ങളും അനൗദ്യോഗിക സന്നദ്ധ സംഘടനകളും അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാനും ദീര്‍ഘകാല ചികിത്സ വേണ്ടവര്‍ക്ക് അതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കാനും  ആ സേവനമനസ്‌കത താങ്ങും തണലുമായി മാറുന്നു. ദുരന്തബാധിതര്‍ക്ക് കൈയയച്ച് സാമ്പത്തിക സഹായം എത്തിക്കുന്ന ഉദാരമനസ്‌കരുടെ സാന്നിധ്യമുണ്ട് ഈ നഗരത്തില്‍. എന്‍.ജി.ഒകള്‍ മുതല്‍ ധര്‍മസ്ഥാപനങ്ങള്‍വരെ അത്തരം ദൗത്യങ്ങള്‍ ശ്ലാഘനീയമായി നിര്‍വഹിച്ചുപോരുന്നു. മുംബൈ പൗരാവലിയുടെ ഈ ഉദാരമനസ്‌കതയുടെ ഭാഗമാകാന്‍ വ്യക്തിപരമായിത്തന്നെ അവസരം ലഭിച്ചതിന്റെ അനുഭവവും ഇവിടെ പങ്കുവെക്കട്ടെ. എഴുപതുകളില്‍ ദുരിതാശ്വാസത്തിനുള്ള സിറ്റിസണ്‍ കമ്മിറ്റിയുടെ സെക്രട്ടറിപദം എന്റെ ചുമതലയിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.പി. നായിക് ആയിരുന്നു ഈ പൗര വേദിയുടെ പ്രസിഡന്റ്.
വെള്ളപ്പൊക്കം, വരള്‍ച്ച, ക്ഷാമം എന്നീ ദുരന്തങ്ങളുടെ ഇരകള്‍ക്കായി പൗരന്മാരില്‍നിന്ന് ധനസമാഹരണത്തിനിറങ്ങിയ ഞങ്ങള്‍ക്ക് അത്യുദാരമായ പ്രതികരണമാണ് ലഭിച്ചത്. മുംബൈയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഒറീസ, വെസ്റ്റ് ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതബാധിതര്‍ക്കുകൂടി സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ദുരന്തങ്ങളെ കൂസാതെ മറികടക്കുന്നതിനുള്ള അതിജീവനത്വര, സഹജീവികളുടെ ദുരിതങ്ങളില്‍ പങ്കുചേരുന്ന സഹാനുഭൂതി, അവരെ സഹായിക്കുന്നതിനുള്ള മഹത്തായ ഉദാരമനസ്‌കത എന്നിവയെല്ലാമാണ് ഈ നഗരത്തോടുള്ള എന്റെ സ്‌നേഹാഭിമുഖ്യങ്ങളുടെ പ്രേരണകള്‍. മരിക്കാത്ത ഓര്‍മകള്‍ നിറഞ്ഞ ഈ മഹാനഗരിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ അത്യധികം അഭിമാനിക്കുകയും ചെയ്യുന്നു



0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More