Published on Sun, 07/17/2011 - 09:11 ( 4 days 6 hours ago)
മുംബൈ: നഗരത്തിലെ സ്‌ഫോടന പരമ്പരക്ക് മുമ്പ് സ്‌ഫോടനത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടതായി പൊലീസിന് വിവരം നല്‍കിയ യുവാവിനെ കാണാനില്ലെന്ന്.
കല്യാണ്‍ വെസ്റ്റിലെ കല്യാണ്‍ ഗസ്റ്റ് ഹൗസിലെ താമസക്കാരനായിരുന്ന അബ്ദുല്ല ലത്തീഫ് ശൈഖിനെയാണ് കാണാതായത്. സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് തിങ്കളാഴ്ച ഹോട്ടലിലെ മറ്റൊരു മുറിയിലെ താമസക്കാരാണ് സ്‌ഫോടനത്തെ കുറിച്ച് സംസാരിച്ചതത്രെ. ഇക്കാര്യം അന്ന് ആരോടും അബ്ദുല്ല പറഞ്ഞിരുന്നില്ല.
ബുധനാഴ്ച സ്‌ഫോടന വാര്‍ത്തകേട്ട അബ്ദുല്ല ഒരു ചാനലിനോട് വിവരം പറയുകയും കല്യാണിലെ മഹാത്മാഫൂലെ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അബ്ദുല്ലക്ക് ചെവികൊടുക്കാന്‍ പൊലീസ് തയാറായില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് പൊലീസ് അന്വേഷണത്തിന് മുതിര്‍ന്നതെന്നും പറയുന്നു. എന്നാല്‍, പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അബ്ദുല്ലയെ കുറിച്ച് വിവരമില്ല. മൊബൈല്‍ ഫോണും ലഭ്യമല്ല.
തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ സ്ഥാപനത്തിന് അബ്ദുല്ലയെ അറിയില്ലെന്നാണ് വിവരം. കുര്‍ളയിലെ മേല്‍വിലാസമാണ് കല്യാണ്‍ ഗസ്റ്റ് ഹൗസില്‍ അബ്ദുല്ല നല്‍കിയത്. ഈ മേല്‍വിലാസം വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടന പരമ്പര കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും അബ്ദുല്ലയെ തിരയുകയാണെന്ന് സൂചനയുണ്ട്. തിങ്കളാഴ്ചയാണ് അബ്ദുല്ല ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തത്. 17ാം നമ്പര്‍ മുറിയിലായിരുന്നു താമസം. എന്നാല്‍, തന്റെ മേല്‍വിലാസം വ്യക്തമാക്കുന്ന രേഖകളൊന്നും അബ്ദുല്ല ഗസ്റ്റ്ഹൗസില്‍ നല്‍കിയിരുന്നില്ലത്രെ. ഇതേതുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്ത്‌പോകാന്‍ ആവശ്യപ്പെട്ടതായും പറയുന്നു. ഈ സംഭവത്തിന് പ്രതികാരമായി അബ്ദുല്ല കെട്ടിച്ചമച്ച കഥയാവാം സ്‌ഫോടനത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നത്.
സ്‌ഫോടന കേസ് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ ഹോട്ടലിലെ രജിസ്ട്രര്‍ ബുക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
0 comments:
Post a Comment